ആലപ്പുഴ: മദ്യപാനികളെ പരസ്യമായി പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. ‘രണ്ടെണ്ണം’ മാത്രം അടിയ്ക്കുന്നവര്‍ക്ക് നല്ലഭക്ഷണവും സൗകര്യങ്ങളും ഒരുക്കി നല്കി മദ്യം വിതരണം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ ‘അടിച്ചടിച്ച്’ കരള്‍ പോകുന്നവനെ ചികിത്സിക്കാന്‍ പണപ്പിരിവുനടത്തേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ നടന്ന സഹകരണ ജീവനക്കാരുടെ സംസ്ഥാന സമ്മേളനവേദിയിലാണ് മന്ത്രി ഈ വെടി പൊട്ടിച്ചത്.
പരിമിതമായ അളവില്‍ മദ്യം ഉപയോഗിച്ചാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ‘രണ്ടെണ്ണം’ പ്രയോഗം. അമിതമദ്യപാനം പാശ്ചാത്യരാജ്യങ്ങള്‍ പോലും അംഗീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ സിവില്‍ നിയമങ്ങള്‍ കര്‍ശനമാണെന്നും അമിതമായി മദ്യപിക്കുന്നവരെ ജയിലിലടയ്ക്കാന്‍ അവിടെ നിയമമുണ്ടെന്നും പറഞ്ഞ സുധാകരന് ഇന്ത്യയില്‍ നിയമങ്ങളുണ്ടെങ്കിലും ആളുകള്‍ക്ക് ഭയമില്ലെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ മദ്യപാനികളുടെ എണ്ണം വലിയതോതില്‍ വര്‍ദ്ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അടുത്ത മാസം പുതിയ മദ്യം നയം പ്രഖ്യാപിക്കാനിരിക്കുമ്പോഴാണ് മദ്യപാനികള്‍ക്ക് പ്രോത്സാഹനവുമായി മന്ത്രിയെത്തിയത്.