ടിവി, ഫോണ്‍ സൗകര്യങ്ങള്‍ക്കായി ജയിലില്‍ നിരാഹാര സമരം! കോടികള്‍ തട്ടിയവര്‍ക്ക് സുഖജീവിതം, അഞ്ചുസാരി മോഷ്ടിച്ചയാള്‍ ജയിലില്‍

14464417635636f323abba6പഴയ കാലത്തില്‍ നിന്ന് വ്യത്യസ്തമായി കുറ്റവാളികള്‍ക്ക് ജയിലിലില്‍ സകലവിധ സുഖസൗകര്യങ്ങളുമുണ്ടെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇതിന് തെളിവാകുന്ന കാഴ്ചയാണ് ജയ്പൂരിലെ അജ്‌മേര്‍ ജയിലില്‍ കാണാന്‍ സാധിക്കുന്നത്. തങ്ങളുടെ ചില പ്രത്യേക ആവശ്യങ്ങള്‍ സാധിച്ചു കിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ജയിലിലെ ഏതാനും കൊടുംക്രിമിനലുകള്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. അവരുടെ ആവശ്യങ്ങളാണ് അതിലേറെ രസകരം. തടവറയില്‍ ടിവി വേണം, കളിക്കാന്‍ വോളിബോള്‍ കോര്‍ട്ട് വേണം, ഫോണ്‍ സൗകര്യം കൂടിയേ തീരൂ. ഇതെല്ലാം ഉടനെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് അജ്‌മേര്‍ ജയിലില്‍ 44 തടവുകാര്‍ ആരംഭിച്ച നിരാഹാര സമരം തുടര്‍ന്നുവരുന്നത്.

വ്യാഴാഴ്ച തുടങ്ങിയ സമരത്തിലെ 12 തടവുകാരെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. ‘കൊടുംക്രിമിനലുകളെ മാത്രം പാര്‍പ്പിക്കുന്നതാണ് ഈ ജയില്‍. ടെലിഫോണ്‍, ടിവി സൗകര്യങ്ങള്‍ അവരെ പുറംലോകവുമായി ബന്ധിപ്പിക്കുമെന്നതിനാല്‍ അനുവദിക്കാനാവില്ല’. ജയില്‍ എഡിജിപി അജിത് സിങ് പറഞ്ഞു. ജയില്‍പുള്ളികളുടെ സ്വഭാവം മെച്ചപ്പെടുന്ന മുറയ്ക്ക് ഇവരെ സാധാരണ ജയിലിലേക്കു മാറ്റുകയാണ് പതിവ്. പൊതു ജയിലുകളിലുള്ള സൗകര്യം ഇവിടെ അനുവദിക്കാനാവില്ലെന്നും അജിത് സിങ് പറഞ്ഞു. ഇതേസമയം, സമാനമായ വിഷയത്തില്‍ തെലുങ്കാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു.

അഞ്ച് സാരി മോഷ്ടിച്ചയാളെ ഒരു വര്‍ഷമായി വിചാരണകൂടാതെ തടവിലാക്കിയതിനാണ് തെലുങ്കാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. കോടികള്‍ തട്ടിയെടുത്തയാള്‍ സുഖജീവിതം നയിക്കുമ്പോള്‍ അഞ്ച് സാരി മോഷ്ടിച്ചയാളെ ഒരുവര്‍ഷമായി ജയിലിലടച്ചിരിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ എസ് ഖേഹര്‍ പറഞ്ഞു. 9000 കോടി രൂപയുടെ വായ്പാ തിരിച്ചടവ് കുടിശ്ശികവരുത്തി നാടുവിട്ട വിജയ്മല്യയെ പേരെടുത്ത് പറയാതെയായിരുന്നു കോടതിയുടെ വിമര്‍ശനം. തുണിക്കടയില്‍ നിന്ന് സാരി മോഷ്ടിച്ചെന്നാരോപിച്ച് കരുതല്‍ തടങ്കലില്‍ കഴിയുന്ന എലിയയുടെ ഭാര്യ നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

Related posts