ന്യൂഡൽഹി: ഇന്ത്യൻ പൊതുമേഖലാ ബാങ്കായ എസ്ബിഐ ബാങ്കിംഗ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചതിനു പിന്നാലെ മറ്റു ബാങ്കുകളും നിരക്കിൽ മാറ്റം വരുത്തി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്കുകളാണ് ഇന്നലെ പുതിയ നിരക്ക് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ മറ്റു ബാങ്കുകളും നിരക്കിൽ മാറ്റം വരുത്തിയേക്കും. ജനങ്ങളുടെ കറൻസി ഇടപാടുകൾ കുറച്ച് ഓൺലൈൻ ഇടപാടുകൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യം പുതിയ നീക്കത്തിനു പിന്നിലുണ്ട്.
ഏപ്രിൽ ഒന്നു മുതലുള്ള ഇടപാടുകളിൽ വരുന്ന മാറ്റങ്ങൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
1. സേവിംഗ് ബാങ്ക് അക്കൗണ്ടിൽ ഒരു മാസം തുക നിക്ഷേപിക്കാവുന്ന തവണകളുടെ എണ്ണം മൂന്നായി നിജപ്പെടുത്തി. മൂന്നിൽ കൂടിയാൽ ഓരോ ഇടപാടിനും 50 രൂപ സർവീസ് ടാക്സ് ഈടാക്കും.
2. എസ്ബിഐ അക്കൗണ്ട് ഉടമകൾ മിനിമം ബാലൻസ് അക്കൗണ്ടിൽ സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. ഗ്രാമപ്രദേശങ്ങളിൽ പിഴത്തുക കുറയും.
3. മെട്രോപൊളിറ്റൻ ഏരിയകളിൽ അക്കൗണ്ടിലെ തുക മിനിമം ബാലൻസായ 5000 രൂപയുടെ 75 ശതമാനത്തിൽ താഴെ പോയാൽ 100 രൂപയോ അതിലധികമോ സർവീസ് ടാക്സ് നല്കേണ്ടിവരും.
4. മറ്റു ബാങ്കുകളിൽനിന്നുള്ള എംടിഎം ഇടപാട് മാസത്തിൽ മൂന്നു പ്രാവശ്യത്തിൽ കൂടുതലായാൽ 20 രൂപ ഈടാക്കും. എസ്ബിഐ എടിഎമ്മുകളാണ് ഉപയോഗിക്കുന്നതെങ്കിൽ അഞ്ചു തവണയിൽ കൂടുതലായാൽ 10 രൂപ ഈടാക്കും.
5. മൂന്നു മാസം 25,000 രൂപയിൽ കൂടുതൽ തുക അക്കൗണ്ടിലുള്ളവർക്ക് സ്വന്തം എടിഎമ്മിൽനിന്നു പണം പിൻവലിച്ചാൽ ചാർജ് ഈടാക്കില്ല. അതുപോലെ ഒരു ലക്ഷത്തിൽ കൂടുതൽ ബാങ്ക് ബാലൻസ് ഉള്ളവർ മറ്റു ബാങ്കുകളുടെ എടിഎമ്മിൽനിന്നു പിൻവലിച്ചാലും ചാർജ് ഈടാക്കില്ല.
6. മൂന്നു മാസം 25,000 രൂപ വരെ അക്കൗണ്ടുകളിലുള്ളവർക്ക് എസ്എംഎസ് അലേർട്ടുകൾക്ക് 15 രൂപ ഈടാക്കും. 1000 രൂപ വരെയുള്ള യുപിഐ/യുഎസ്എസ്ഡി ഇടപാടുകൾക്ക് ചാർജില്ല.
ആക്സിസ് ബാങ്ക്
1. നിക്ഷേപവും പിൻവലിക്കലും ഉൾപ്പെടെ ഒരു മാസം അഞ്ചു തവണ സൗജന്യ ഇടപാടുകൾ. അതു കഴിഞ്ഞാൽ ഓരോ ഇടപാടിനും 95 രൂപ ഇടാക്കും.
2. ഒരു മാസം 50,000 രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് അഞ്ച് ഇടപാടുകൾ സൗജന്യം. ഇതിനു ശേഷമുള്ള നിക്ഷേപങ്ങൾക്ക് 1000 രൂപയ്ക്ക് 2.5 രൂപ എന്ന നിരക്കിലോ 95 രൂപ എന്ന നിരക്കിലോ ഈടാക്കും. ഏറ്റവും കൂടിയത് ഏതാണോ അതാണ് ഈടാക്കുക.
എച്ച്ഡിഎഫ്സി ബാങ്ക്
1. ഒരു മാസം നിക്ഷേപവും പിൻവലിക്കലുമുൾപ്പെടെ നാല് സൗജന്യ ഇടപാടുകൾക്കു ശേഷം ഓരോ ഇടപാടിനും 150 രൂപ വച്ച് ഈടാക്കും.
2. പുതിയ നിരക്കുകൾ ഒരുപോലെ സേവിംഗ്സിനും സാലറി അക്കൗണ്ടുകൾക്കും ബാധകമായിരിക്കും.
3. ഹോം ബ്രാഞ്ചിൽ ഒരു ദിവസം രണ്ടു ലക്ഷം രൂപ വരെ സൗജന്യമായി നിക്ഷേപിക്കാനോ പിൻവലിക്കാനോ കഴിയും. രണ്ടു ലക്ഷത്തിനു മുകളിലാണെങ്കിൽ 1000 രൂപയ്ക്ക് അഞ്ചു രൂപ വച്ചോ അല്ലെങ്കിൽ 150 രൂപയോ ഈടാക്കും.
4. ഹോം ബ്രാഞ്ച് അല്ലെങ്കിൽ ഒരു ദിവസം 25,000 രൂപ വരെ പിൻവലിക്കാം. ഇതിൽ കൂടിയാൽ 1000 രൂപയ്ക്ക് അഞ്ചു രൂപ വച്ചോ അല്ലെങ്കിൽ 150 രൂപയോ ഈടാക്കും.
ഐസിഐസിഐ ബാങ്ക്
1. ഒരു മാസം ഹോം സിറ്റിയിലെ ബ്രാഞ്ചുകളിലുള്ള നാല് ഇടപാടുകൾ സൗജന്യം. ഇതിൽ കൂടിയാൽ 1000 രൂപയ്ക്ക് അഞ്ചു രൂപ വച്ചോ അല്ലെങ്കിൽ 150 രൂപയോ ഈടാക്കും. മിനിമം 150 രൂപ.
2. ഹോം ബ്രാഞ്ച് അല്ലെങ്കിൽ ഒരു ഇടപാട് സൗജന്യം. അതിനു ശേഷം 1000 രൂപയ്ക്ക് അഞ്ചു രൂപ വച്ചോ അല്ലെങ്കിൽ 150 രൂപയോ ഈടാക്കും. മിനിമം 150 രൂപ.
3. കാഷ് ഡെപ്പോസിറ്റുകൾക്ക് 1000 രൂപയ്ക്ക് അഞ്ചു രൂപ വച്ച് ഈടാക്കും (മിനിമം ചാർജ് 150 രൂപ). കാഷ് ഡെപ്പോസിറ്റ് മെഷീനിലാണെങ്കിൽ മാസത്തിൽ ഒരു തവണ സൗജന്യമായിരിക്കും. ശേഷം 1000 രൂപയ്ക്ക് അഞ്ചു രൂപ വച്ച് ഈടാക്കും.