വിവാദങ്ങളുടെ തോഴിയായി മാറുകയാണ് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മേനകഗാന്ധി. ഇപ്പോഴിതാ ആറുമണിക്കുശേഷം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കറങ്ങിനടക്കാന്‍ അനുവദിക്കരുതെന്ന വിവാദ പ്രസ്താവനയുമായി അവര്‍ രംഗത്തെത്തിയിരിക്കുന്നു. ലോക വനിതാദിനത്തോട് അനുബന്ധിച്ച് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മേനകാഗാന്ധിയുടെ പുതിയ പരാമര്‍ശങ്ങള്‍. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുന്നതിനിടെയാണ് വനിതാ ഹോസ്റ്റലുകളില്‍ സമയനിയന്ത്രണം അത്യാവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കിയത്.
രക്ഷകര്‍ത്താക്കള്‍ കുട്ടികളെ കോളജിലേക്ക് അയക്കുന്നത് അവര്‍ അവിടെ സുരക്ഷിതരായിരിക്കുമെന്ന വിശ്വാസത്തിലാണ്. വിദ്യാര്‍ത്ഥികളുടെ 16-17 വയസെന്ന പ്രായം ഏറെ പ്രധാനപ്പെട്ടതാണ്. ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാകുന്ന കാലമാണിത്. അതുകൊണ്ട് തന്നെ അത്തരം ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാക്കുന്ന പൊട്ടിത്തെറികളില്‍ നിന്നും അവരെ സുരക്ഷിതരാക്കാന്‍ ഒരു ലക്ഷ്മണ രേഖ വരയ്ക്കണം. ഇത് അവരുടെ സുരക്ഷയെ കരുതി മാത്രമാണെന്നും മേനകാ ഗാന്ധി പറയുന്നു. വനിതാകോളജുകളുടെ സുരക്ഷ ശക്തമാക്കിയാല്‍ ഇത് പരിഹരിക്കാന്‍ കഴിയില്ലേ എന്ന ചോദ്യത്തിന് ഗേറ്റിന് മുന്നില്‍ വടിയുമായി നില്‍ക്കുന്ന രണ്ട് ബീഹാറി സുരക്ഷാജീവനക്കാര്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും മന്ത്രി പറയുന്നു. സമയനിയന്ത്രണം കൊണ്ടുമാത്രമെ സുരക്ഷ ഉറപ്പുവരുത്താനാകൂ.
രാത്രി ലൈബ്രറിയില്‍ പോകണമെങ്കില്‍ രണ്ടുദിവസം രാത്രി ആണ്‍കുട്ടികള്‍ക്കും പിന്നീട് രണ്ടുദിവസം പെണ്‍കുട്ടികള്‍ക്കുമെന്ന രീതിയില്‍ ക്രമീകരിക്കണം. ആണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ട ആവശ്യമില്ലെന്നും അവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ആറുമണിക്കുശേഷം ആണ്‍കുട്ടികളെയും ക്യാംപസില്‍ കറങ്ങി നടക്കാന്‍ അനുവദിക്കരുതെന്നും മന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടി നിരവധി വേദികളില്‍ സംസാരിക്കുന്ന മേനകാഗാന്ധി സ്ത്രീകള്‍ക്കായുളള ദേശീയനയം പരിഷ്‌കരിക്കുന്നതിനും നേരത്തെ മുന്‍കൈ എടുത്തിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തികച്ചും അപ്രസക്തമാക്കുന്ന പ്രസ്താവനകളാണ് ഇപ്പോള്‍ മേനകഗാന്ധിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഏതായാലും പതിവുപോലെ അവരുടെ പുതിയ പ്രസ്താവനയും വിവാദത്തിലേയ്ക്ക് തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.