കോഴ നല്‍കുന്നതില്‍ ഇന്ത്യ ഒന്നാമത്; പത്തില്‍ ഏഴ് ഇന്ത്യക്കാരും കൈക്കൂലി നല്‍കി കാര്യം സാധിക്കുന്നതില്‍ തല്‍പരര്‍

bribe600മുംബൈ: നാണക്കേടിന്റെ ഒരു തൂവല്‍ കൂടി ഇന്ത്യയുടെ തൊപ്പിയില്‍ ചാര്‍ത്തി നല്‍കി ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലിന്റെ സര്‍വേ. ഏഷ്യാ-പസിഫിക് മേഖലയിലുള്ള 16 രാജ്യങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ ‘കോഴ’ നല്‍പ്പെടുന്ന രാജ്യം എന്ന ബഹുമതിയാണ് ഇന്ത്യയ്ക്ക ചാര്‍ത്തി കിട്ടിയത്. ഇന്ത്യക്കാരില്‍ പത്തില്‍ ഏഴു പേരും കോഴ നല്‍കി കാര്യം സാധിക്കാന്‍ താത്പര്യമുള്ളവരാണെന്നാണ് സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നത്. ഏഷ്യാ-പസിഫിക് മേഖലയില്‍ കൈക്കൂലി ഏറ്റവും കുറഞ്ഞ രാജ്യം ജപ്പാനാണ്. ഇവിടെ 0.2% ആളുകള്‍ മാത്രമാണ് കൈക്കൂലി കൊടുത്ത് കാര്യം സാധിക്കുന്നത്.

കൈക്കൂലിയ്‌ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ നടപടികളോട്  പകുതിയിലേറെ ആളുകളും
പോസിറ്റീവായാണ് പ്രതികരിക്കുന്നത് എന്നതാണ് ഇന്ത്യയ്ക്കു പ്രതീക്ഷ നല്‍കുന്ന ഏക കാര്യം. കൈക്കൂലി തടയുന്നതിനായി സര്‍ക്കാര്‍ പുതുതായി ആവിഷ്ക്കരിച്ച പദ്ധതികളും അംഗീകരിക്കപ്പെട്ടിരിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം ആളുകളും കഴിഞ്ഞ 12 മാസത്തിനുള്ളില്‍ രാജ്യത്ത് അഴിമതി വര്‍ധിച്ചതായാണ് പറഞ്ഞത്. ഇന്ത്യയിലെ ഓരോ പൗരനും അഴിമതിയ്‌ക്കെതിരേ പോരാടണമെന്ന അഭിപ്രായക്കാരായിരുന്നു 63 ശതമാനം ആളുകളും.സര്‍വേ നടത്തിയ ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ ലോകത്തെ അറിയപ്പെടുന്ന അഴിമതി വിരുദ്ധ സംഘടനയാണ്. ഇവരുടെ കണക്കു പ്രകാരം ഏഷ്യാ-പസിഫിക് മേഖലയിലെ 90 കോടി ആളുകളും കൈക്കൂലി നല്‍കി കാര്യം സാധിക്കുന്നവരാണ്. നാലു പേരില്‍ ഒരാള്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ ചുരുക്കാം. ഇന്ത്യ,ചൈന എന്നീ രാജ്യങ്ങളിലാണ് ഏറ്റവുമധികം അഴിമതി നടക്കുന്നത്. ഈ രാജ്യങ്ങളിലെ 22000 ആളുകളെയാണ് ഇവര്‍ സര്‍വേയ്ക്കു വിധേയമാക്കിയത്.

ഇന്ത്യയ്ക്കു തൊട്ടു പിന്നിലുള്ളത് വിയറ്റ്‌നാമാണ്. 65ശതമാനമാണ് വിയറ്റ്‌നാമിലെ അഴിമതി നിരക്ക്. ഏഷ്യാ പസിഫിക് മേഖലയില്‍ മുഴുവനായി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം പേര്‍ അഴിമതി കുറഞ്ഞെന്ന് പറഞ്ഞപ്പോള്‍ 40 ശതമാനം പേര്‍ അഴിമതി നിരക്ക് ഉയര്‍ന്നെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ചൈനയില്‍ നടത്തിയ സര്‍വേയില്‍ 73 ശതമാനം ആളുകളും രാജ്യത്തെ അഴിമതി ഉയര്‍ന്നെന്നാണ് അഭിപ്രായപ്പെട്ടത്. ഏതു രാജ്യത്തിലും വച്ചേറ്റവും കൂടുതലാണിത്.

പൊതുവിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, ഔദ്യോഗിക രേഖകള്‍ ശരിയാക്കുന്ന ഇടങ്ങള്‍. നിത്യോപയോഗ വസ്തുക്കളുടെ വിതരണ കേന്ദ്രങ്ങള്‍, പോലീസ്, കോടതികള്‍ എന്നീ സ്ഥലങ്ങളിലാണ് ഏറ്റവുമധികം കൈക്കൂലി നല്‍കപ്പെടുന്നത്. 38 ശതമാനം പാവപ്പെട്ടവരും കാര്യം സാധിക്കാനായി കൈക്കൂലി നല്‍കുന്നുണ്ടെന്നതാണ് വസ്തുത. ഇന്ത്യ,പാകിസ്ഥാന്‍, തായ്‌ലന്‍ഡ് എന്നീ  രാജ്യങ്ങളിലാണ് ഈ പ്രവണത ഏറ്റവും കൂടുതല്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കപ്പെടുന്നത് ആരോഗ്യമേഖലയിലും തിരിച്ചറിയല്‍ രേഖകള്‍ ശരിയാക്കുന്ന മേഖലയിലുമാണ്.

Related posts