ഫ്രാങ്കോ ലൂയിസ്
തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ വസ്തു സേവന നികുതി (ജിഎസ്ടി) നിലവില്‍ വരുന്ന അടുത്ത മാസത്തോടെ അന്യ സംസ്ഥാന ലോട്ടറികള്‍ കേരളത്തിലെത്തും. ഇതു കേരള ലോട്ടറിക്കും കേരള ഖജനാവിന്റെ സാന്പത്തിക ഭദ്രതയ്ക്കും കനത്ത തിരിച്ചടിയാകും. കഴിഞ്ഞ വര്‍ഷം ഭാഗ്യക്കുറിയിലൂടെ കേരളത്തിനു ലഭിച്ച വരുമാനം 8,500 കോടി രൂപയാണ്. അന്യ സംസ്ഥാന ലോട്ടറികള്‍ എത്തിയാല്‍ ഇതു പകുതിയെങ്കിലുമായി കുറയും. എന്നാല്‍ ധനമന്ത്രി ഡോ. തോമസ് ഐസക് കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ബജറ്റ് അടുത്ത വര്‍ഷം ഭാഗ്യക്കുറിയിലൂടെ 9196 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നാണ് അവകാശപ്പെടുന്നത്. സാന്റിയാഗോ മാര്ട്ടിന്റേതടക്കം അന്യ സംസ്ഥാന ലോട്ടറികള്‍ നിലവിലിരുന്ന 2010 ല്‍ 694 കോടി രൂപ മാത്രമായിരുന്നു കേരളത്തിന്റെ ലോട്ടറി വരുമാനം.
ഭീമമായ നികുതി ഏര്‍പ്പെടുത്തിക്കൊണ്ടാണ് അന്യ സംസ്ഥാന ലോട്ടറികളെ കേരളം കഴിഞ്ഞ ആറു വര്‍ഷമായി ചെറുത്തത്. ജിഎസ്ടി നിലവില്‍ വരുന്നതോടെ രാജ്യത്തുടനീളമുള്ള നികുതി ഏകീകരിക്കപ്പെടും. ഇതര സംസ്ഥാന ലോട്ടറികള്‍ക്ക് ഇപ്പോഴുള്ളതുപോലെ അമിത നികുതി ഏര്‍പ്പെടുത്താന്‍ കഴിയില്ല.
കേരളം പടിയടച്ചു പുറത്താക്കിയ ലോട്ടറി മാഫിയ ഇതോടെ തിരിച്ചെത്തും. കേരളത്തില്‍ ദിവസേന 72 ലക്ഷം ലോട്ടറി ടിക്കറ്റ് വിറ്റഴിക്കുന്നുണ്ട്. ഇതിനു പുറമേയാണു ബംബര്‍ ലോട്ടറിയും നിര്‍മല്‍ ലോട്ടറിയും മറ്റും. വിറ്റഴിയുന്ന ടിക്കറ്റുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുന്പോള്‍ സമ്മാനത്തുക ആകര്ഷകമല്ലെന്നാണു കേരള ലോട്ടറിയുടെ ന്യൂനത.
കേരളത്തില്‍ എഴുന്നൂറോളം കോടി രൂപയുടെ ലോട്ടറി സമ്മാനത്തട്ടിപ്പു നടത്തിയെന്ന് ആരോപിതനായ തമിഴ്നാട്ടിലെ ലോട്ടറി മാഫിയാ മേധാവി സാന്റിയാഗോ മാര്ട്ടിന് രാജ്യമെന്പാടും വന്‍ലോട്ടറി ചൂതാട്ടത്തിന് സജ്ജമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്തിന്റെ അവസാനഘട്ടത്തിലും യുഡിഎഫ് ഭരണത്തിന്റെ ആദ്യഘട്ടത്തിലുമായി പുറത്താക്കപ്പെട്ട സാന്റിയാഗോ മാര്ട്ടിന് ഇപ്പോള്‍ പത്തു സംസ്ഥാനങ്ങളില്‍ ലോട്ടറി നടത്തുന്നുണ്ട്. കേരളത്തിലെ ലോട്ടറി ചൂതാട്ടത്തിന്റെ പേരില്‍ മാര്‍ട്ടിനെതിരേ അന്വേഷണം നടത്തിയ സിബിഐ തെളിവില്ലെന്ന പേരില്‍ കേസ് തള്ളുകയാണു ചെയ്തത്.
ജിഎസ്ടി നടപ്പാകുന്നതോടെ ഇതര സംസ്ഥാനങ്ങളിലെ ഭാഗ്യക്കുറികളെക്കൂടി കേരളത്തില്‍ വില്ക്കാന് അനുവദിക്കേണ്ടിവരും. സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി ഏപ്രില്‍ മാസത്തോടെ ഇല്ലാതാകും. കേന്ദ്ര സേവന നികുതികൂടി ബാധകമായ ലോട്ടറി ടിക്കറ്റുകള്‍ രാജ്യത്ത് എല്ലായിടത്തും ഒരേപോലെ വില്‍ക്കാനാകും.
ലോട്ടറി ടിക്കറ്റുകള്‍ കൂടുതല്‍ ആദായകരമായ നിരക്കില്‍ മാര്ട്ടിന് ലഭ്യമാക്കി വ്യാപാരികളെ വശത്താക്കുമെന്നാണു അയാളുടെ വ്യാപാരതന്ത്രം അറിയാവുന്നവരുടെ കണക്കുകൂട്ടല്‍. ടിക്കറ്റുകള്‍ ലഭിക്കാനുള്ള ക്ഷാമംകൂടിയാകുന്പോള് വ്യാപാരികള്‍ കേരളത്തിന്റെ ലോട്ടറി ടിക്കറ്റുകളില്‍നിന്ന് അകലും. ടിക്കറ്റുകള്‍ വ്യാപാരശാലകളില്‍ എത്തിക്കാനുള്ള മാര്‍ട്ടിന്റെ മിടുക്ക് കേരളം കണ്ടിട്ടുള്ളതാണ്. ചെറിയ സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് കൂടുതല്‍ ഭാഗ്യാനേഷികളെ വശത്താക്കുന്ന തന്ത്രവും മാര്ട്ടിന് പ്രയോഗിക്കുമെന്നു ലോട്ടറി മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.