തിരൂരങ്ങാടി: മലയാളികൾ കൈയൊഴിഞ്ഞ വയലേലകളിൽ ചോളവും എള്ളും നിലക്കടലയും കൃഷിയിറക്കി തമിഴ്നാട് അരിയല്ലൂർ സ്വദേശി അർജുനൻ വിജയം കൊയ്യുന്നു. നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് പള്ളിക്കത്തായം വയലിലാണ് അർജുനൻ ചോള കൃഷിയും എള്ളും നിലക്കടലയും മറ്റു പച്ചക്കറികളും വിളയിക്കുന്നത്. തിരുരങ്ങാടി താഴെച്ചിന തടത്തിൽ ഹംസയുടെ കീഴിലാണ് അർജുനൻ കൃഷിയിൽ തുടക്കം കുറിക്കുന്നത്.
വെഞ്ചാലിപാടത്ത് നെൽ കൃഷിയിറക്കാൻ വെള്ളമില്ലാതെ നാട്ടിലെ കർഷകർ ബുദ്ധിമുട്ടുന്പോൾ അർജുനൻ അവ വകവയ്ക്കാതെ നെൽ കൃഷിയിൽ നിന്ന് പിൻമാറി ചോളം, എള്ള് തുടങ്ങിയ കൃഷിയിലേക്കു ശ്രദ്ധതിരിക്കുകയായിരുന്നു. പതിനഞ്ചു വർഷം മുന്പ് തിരുരങ്ങാടി ചെറുമുക്ക് ഭാഗത്ത് കൂലി പണി തേടിയെത്തിയതാണ് തമിഴ്നാട്ടുകാരനായ അർജുനൻ. കൂലിപണി കഴിഞ്ഞാണ് കൃഷിയിലേക്കു തിരിഞ്ഞത്.
തികച്ചും ജൈവ കൃഷിയാണിത്. ചാണകമാണ് കുടുതലും ഉപയോഗിക്കുന്നതെന്നും നെൽകൃഷിയേക്കാൾ എളുപ്പം ഇതാണെന്നും അർജുൻ പറയുന്നു. ചോളം, എള്ള് എന്നിവക്ക് പുറമേ നിലക്കട, വെണ്ട, വെള്ളരി എന്നിവയും അർജുൻ കൃഷി ചെയ്യുന്നുണ്ട്. രണ്ടിനും കൂടുതൽ വെള്ളം ആവശ്യമില്ല. ചോളവും എള്ളും കടലയും 90 ദിവസമായാൽ വിളവെടുക്കാം. ഭാര്യയും മൂന്നു മക്കളുമുണ്ട് അർജുനന്. നാട്ടിൽ ഇവർ ഇതേ കൃഷി ചെയ്യുന്നുണ്ടെന്നു നാൽപ്പത്തിയൊന്പതുകാരനായ അർജുനൻ പറയുന്നു.