ന്യൂഡൽഹി: ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റിൽ മിന്നും വിജയം നേടിയ ടീം ഇന്ത്യയ്ക്ക് മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ പ്രശംസ. ഈ വിജയത്തോടെ പരമ്പരയിലേക്ക് ഇന്ത്യ തിരിച്ചെത്തിയെന്ന് കപിൽ പറഞ്ഞു. നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് ആർക്കും ആശങ്ക വേണ്ടെന്നും കപിൽ കൂട്ടിച്ചേർത്തു.
ബംഗളൂരു ടെസ്റ്റിൽകൂടി പരാജയപ്പെട്ടിരുന്നെങ്കിൽ തിരിച്ചുവരവ് അസാധ്യമായേനെ എന്നു പറഞ്ഞ കപിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ പ്രകടനത്തെയും അഭിനന്ദിച്ചു. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചിൽ ഓസീസ് ബൗളർമാരെക്കാൾ മികച്ച പ്രകടനമാണ് ഉമേഷ് യാദവും ഇഷാന്ത് ശർമയും പുറത്തെടുത്തതെന്നും കപിൽ പറഞ്ഞു.
പൂനെ ടെസ്റ്റിൽ പരാജയപ്പെടുകയും ബംഗളൂരുവിൽ ആദ്യ ഇന്നിംഗ്സിൽ തകർന്നടിയുകയും ചെയ്തതോടെ ടീമിനും നായകനുമെതിരെ വിമർശനങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു. കോഹ്ലി ബാറ്റിംഗിൽ നിരന്തരം പരാജയപ്പെടുകയും, നായകന്റെ റിവ്യൂ തീരുമാനങ്ങൾ പാളുകയും ചെയ്തതോടെ വിമർശകരുടെ എണ്ണം കൂടുകയും ചെയ്തു. ഇതിനിടെയാണ് ടീമിനു പിന്തുണയുമായി കപിൽ രംഗത്തെത്തിയത്.