ന്യൂഡല്‍ഹി: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ലക്ഷ്യമിട്ട് ഒളിമ്പിക് മെഡല്‍ ജേതാക്കളായ പി.വി. സിന്ധുവും സൈന നെഹ്വാളും ഇംഗ്ലണ്ടിലേക്ക്. യോഗ്യതാ മത്സരങ്ങളോടെ ബെര്‍മിംഗ്ഹാമില്‍ ചൊവ്വാഴ്ച ടൂര്‍ണമെന്റിനു തുടക്കമാകും. 1980 പ്രകാശ് പദുക്കോണ്‍, 2001ല്‍ പുല്ലേല ഗോപിചന്ദ് എന്നിവര്‍ക്കുശേഷം ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ പുതിയൊരു ചാമ്പ്യനായി ഇന്ത്യ കാത്തിരിക്കുകയാണ്. 2015ല്‍ സൈന ഫൈനലിലെത്തിയെങ്കിലും സ്പെയിന്റെ കരോലിന മാരിനോടു പരാജയപ്പെട്ടു.
എന്നാല്‍ ഇത്തവണ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാമെന്ന പ്രതീക്ഷയിലാണ് സൈന എത്തുന്നത്. കാല്‍മുട്ടിനേറ്റ പരിക്കില്‍നിന്നു പൂര്ണമുക്തയായ സൈന ലോക ബാഡ്മിന്റണില്‍ തന്റെ സ്ഥാനം തിരിച്ചുപിടിക്കുയെന്ന ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടിലിറങ്ങുക. നിലവിലെ ജേതാവ് ജപ്പാന്റെ നോസോമി ഓകുഹാരയാണ് ആദ്യ റൗണ്ടില്‍ സൈന നേരിടുന്നത്.
റിയോയില്‍ വെള്ളി മെഡലോടെ രാജ്യത്തിന്റെ അഭിമാനമായിമാറിയ പി.വി. സിന്ധു ഇംഗ്ലണ്ടിലും വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്. ടൂര്‍ണമെന്റിന്റെ ആദ്യറൗണ്ടില്‍ ഡെന്മാര്ക്കിന്റെ മെറ്റെ പോള്‍സണ്‍ ആണു സിന്ധുവിന്റെ എതിരാളി. പുരുഷ സംഗിള്‍സില്‍ കെ. ശ്രീകാന്തും എച്ച്.എസ്. പ്രണോയിയും അജയ് ജയറാമും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു കരുത്തേകും.