ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന ബാങ്കുകൾക്ക് സർക്കാർ ഇൻസെന്റീവ് നല്കിയേക്കും. ഓരോ ഇടപാടിനും പത്ത് രൂപ വരെയാണ് ലഭിക്കുക. കേന്ദ്ര സർക്കാരിന്റെ “ക്യാഷ് ലെസ് ഇക്കണോമി’ പദ്ധതിയുടെ ഭാഗമായാണ് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നത്. ഇടപാട് തുകയുടെ 0.25 ശതമാനമോ അല്ലെങ്കിൽ 10 രൂപയോ ആണ് ഇൻസെന്റീവായി നല്കുകയെന്നു പ്രസ്താവനയിൽ അറിയിച്ചു.
ബാങ്കുകൾ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനാണു സർക്കാർ ഈ പദ്ധതി ആവിഷ്കരിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്പോൾ പണം നഷ്ടപ്പെടുമെങ്കിലും ആധാർ പേമെന്റിനും ഭീം പേമെന്റിനും ചാർജുകൾ ഇടാക്കില്ലെന്നും അധികൃതർ പറയുന്നു.
നബാർഡിൽനിന്നു ബാങ്കുകൾക്ക് ഇൻസെന്റീവായി നല്കുന്നതിനുള്ള പണം കണ്ടെത്താനാണു സർക്കാർ പദ്ധതിയിടുന്നത്. 1000 കോടി രൂപ വരെ ഇതിനായി ഉപയോഗിക്കാനാണു സർക്കാർ ആലോചിക്കുന്നത്.