പൂച്ചയും പുലിയും ഒരേ വര്‍ഗത്തില്‍ പെടുന്ന മൃഗങ്ങളാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. പ്രത്യേകിച്ച് അവയുടെ കുഞ്ഞുങ്ങള്‍ കാഴ്ചയില്‍ ഒരുപോലെയാണ് കാണപ്പെടുക. ഇത്തരത്തില്‍ പൂച്ചക്കുഞ്ഞുങ്ങളാണെന്നു തെറ്റിദ്ധരിച്ച് ആദിവാസി ബാലന് കളിച്ചു നടന്നത് പുലിക്കുട്ടികള്ക്കൊപ്പമായിരുന്നു. ആന്ധ്രയില്‍ വിശാഖപട്ടണം ജില്ലയിലെ പഡേരു ആദിവാസി കോളനിയിലാണ് സംഭവം നടന്നത്. സമീപത്തെ വനത്തില്നിന്നിറങ്ങിവന്നതാണ് പുലിക്കുഞ്ഞുങ്ങളെന്നാണു നിഗമനം.
വീടിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നുമാണ് കുട്ടിയ്ക്ക് പുലിക്കുഞ്ഞുങ്ങളെ കിട്ടിയത്. അവയെ കൈയിലെടുത്ത് കുട്ടി വീട്ടിലെത്തി. രണ്ട് ദിവസം മുഴുവനും പുലികുഞ്ഞുങ്ങള്ക്കൊപ്പം കളിച്ചു നടക്കുകയും ചെയ്തു. അവയ്ക്ക് ഭക്ഷണവും പാലും നല്കി വരികയും ചെയ്തിരുന്നു. കുട്ടിയുടെ ഊണും ഉറക്കവും വരെ പുലിക്കുഞ്ഞുങ്ങള്ക്കൊപ്പമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും വരെ ഇത് പൂച്ച കുഞ്ഞുങ്ങള്‍ തന്നെയാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇവരുടെ അയല്‍വാസികളിലൊരാളാണ് ഇത് പൂച്ചകുഞ്ഞുങ്ങളല്ല, മറിച്ച് പുലികുഞ്ഞുങ്ങളാണെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് വിവരം വനപാലകരെ അറിയിക്കുകയായിരുന്നു. വനപാരകരെത്തി പുലികുഞ്ഞുങ്ങളാണെന്ന് സ്ഥിരീകരിച്ചതിന്ശേഷം അവയെ പത്തുകിലോമീറ്റര്‍ അകലെയുള്ള വനത്തിലേയ്ക്ക് വിടുകയായിരുന്നു. പുലികുഞ്ഞുങ്ങളുടെ അമ്മ കുഞ്ഞുങ്ങളെ തേടി എത്തിയിരുന്നെങ്കില്‍ കുട്ടിയുടെയും ഒപ്പം നാട്ടുകാരുടെയും ജീവന് അപകടത്തിലാവുമായിരുന്നു എന്നും വനപാലകര്‍ പറഞ്ഞു.