ചൊവ്വാഴ്ച്ച ആലപ്പുഴ ഒരു ദാരുണ കൊലപാതക വാര്‍ത്ത കേട്ട് നടുങ്ങി. സബിതയെന്ന പെണ്‍കുട്ടിയുടെ കൊലപാതകമാണ് പുന്നപ്ര കുറവന്തോട് ഗ്രാമത്തെ വേദനിപ്പിച്ചത്. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് മുന്നാം വാര്‍ഡില്‍ ഇടവഴിക്കല്‍ വീട്ടില്‍ കബീറിന്റെയും ആബിദയുടെയും മകള്‍ സബിത (28)യെയാണ്് ഭര്‍ത്താവ് സന്ദീപ് (സല്മാന്) വെട്ടുകത്തികൊണ്ട് കൊലപ്പെടുത്തിയത്. സ്നേഹിച്ച് വിവാഹം കഴിച്ചതായിരുന്നു ദമ്പതികള്‍. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി നാട്ടുകാരും പോലീസും പറയുന്നു.
സന്ദീപ് മയക്കുമരുന്നിനടിമയായിരുന്നു. മുസ്ലിം മതവിശ്വാസിയായ സബിത സന്ദീപിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് കടുത്ത പ്രണയത്തിനൊടുവിലാണ്. അയല്പക്കക്കാരായ ഇവര്‍ നിത്യവും കണ്ട് പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. പിന്നീട് വീടും വീട്ടുകാരെയും ഉപേക്ഷിച്ച് സബിത സന്ദീപിനൊപ്പം ഇറങ്ങിത്തിരിച്ചു. ഇതിനിടെ സന്ദീപ് മതംമാറി സല്‍മാനായി. കുറച്ചു മാസങ്ങളായി വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന ഇവരെ കുറച്ചുനാളുകള്‍ക്ക് മുമ്പാണ് കുടുംബകോടതി ഒന്നിച്ചു താമസിക്കാന്‍ വിട്ടത്. ഇന്നലെ രണ്ടു പേരും സ്വകാര്യ ബാങ്കില്‍ പോയിരുന്നു. ഇവിടെ വെച്ചും രണ്ടു പേരും തമ്മില്‍ വഴക്കുണ്ടായതായി പറയുന്നു.
തിരിച്ചു വീട്ടിലെത്തി ചോറു വിളമ്പിയപ്പോള്‍ വീണ്ടും വഴക്കുണ്ടാകുകയും സന്ദീപ് സബിതയുടെ കഴുത്തില്‍ വെട്ടുകത്തികൊണ്ടു വെട്ടുകയുമായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ കാണുന്നത് രക്തത്തില്‍ കുളിച്ചു നില്ക്കുന്ന സന്ദീപിനെയാണ്. മുറിയില്‍ കയറി വാതിലടച്ച സന്ദീപിനെ പുന്നപ്ര പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും മൃതദേഹം വണ്ടാനം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ ഏക മകന് അലി മുഹമ്മദ് സ്കൂളിലായിരുന്നു. അദ്ധ്യാപികയുടെ മകനാണ് സന്ദീപ്. റിട്ട. പട്ടാളക്കാരനായിരുന്ന അച്ഛന് കടുത്ത മദ്യപാനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.