കോഴിക്കോട്: സംസ്ഥാനത്തുടനീളമുള്ള കൊക്ക കോള, പെപ്സി വിൽപ്പന നിർത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ. ജലചൂഷണത്തിനെതിരെ വ്യാപാരികൾ എടുക്കുന്ന ആദ്യചുവടായാണ് പെപ്സി,കൊക്കകോള ഉത്പന്നങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം “രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
കമ്പനികളുടെ കുടിവെള്ളമടക്കമുള്ള എല്ലാ ഉത്പന്നങ്ങളുടെയും വിൽപ്പനയാണ് നിർത്താൻ തീരുമാനിച്ചത്. ജല ചൂഷണം നിർത്തലാക്കുക, സ്വദേശി പാനീയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതിന്റെ ഭാഗമായാണ് വ്യാപാരികൾ ഇത്തരം തീരുമാനത്തിലേക്ക് നീങ്ങിയത്.
എന്നാൽ ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പന നിർത്താൻ തങ്ങൾ തീരുമാനിച്ചിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സൻകോയ വിഭാഗം) സംസ്ഥാന പ്രസിഡന്റ് ഹസൻ കോയ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്തരം തീരുമാനങ്ങൾ വ്യാപാരികളുടെ വരുമാനത്തെ വലിയ തോതിൽ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.