കണ്ണൂർ: ട്രെയിനുകളിൽ റിസർവേഷൻ കോച്ചുകളിൽ ജനറൽ ടിക്കറ്റെടുത്തവരുടെയും സീസൺ ടിക്കറ്റുകാരുടെയും കടന്നു കയറ്റം വാക്കേറ്റത്തിനും സംഘർഷങ്ങൾക്കും ഇടയാക്കുന്നു. ചില ട്രെയിനുകളിൽ സീസൺ ടിക്കറ്റുകാർക്കു നിശ്ചതി റിസർവേഷൻ കോച്ചുകൾ നിബന്ധനകൾക്കു വിധേയമായി അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റു കോച്ചുകളിലും എസി കോച്ചുകളിലുമടക്കം അനധികൃതമായി കയറിക്കൂടുന്നുണ്ട്.
ഇക്കാര്യങ്ങൾ ചോദ്യം ചെയ്യുകയും മാറിക്കയറാൻ നിർദേശിക്കുകയോ പിഴ ഈടാക്കാനോ തുനിയുന്ന ടിടിഇ മാരെ അനധികൃത യാത്രികർ സംഘം ചേർന്നു പ്രതിരോധിക്കുന്നത് ട്രെയിനുകളിൽ പതിവ് കാഴ്ചയാണ്. ചുരുങ്ങിയ ദൂരത്തേക്കുള്ള യാത്രികരാണ് ഇത്തരത്തിൽ അനധികൃത യാത്ര കൂടുതലായും നടത്തുന്നത്. ടിടിഇമാർ ഇത്തരം സംഭവങ്ങൾ സ്റ്റേഷനുകളിൽ റിപ്പോർട്ടു ചെയ്യുന്പോഴേക്കും ഇത്തരം യാത്രികർ ഒന്നുകിൽ അടുത്ത കോച്ചുകളിലേക്കോ സ്റ്റേഷനുകളിൽ ഇറങ്ങിപ്പോകുകയോ ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റിൽ വൈകുന്നേരം മദ്യ ലഹരിയിൽ റിസർവേഷൻ കോച്ചിൽ കയറി സീസൺ യാത്രികൻ റിസർവ് ചെയ്ത യാത്രക്കാരന്റെ സീറ്റ് കൈയേറുകയും ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ തട്ടിക്കയറുകയും ചെയ്ത സംഭവമുണ്ടായി. യാത്രക്കാരൻ ടിടിഇയോട് പരാതിപ്പെടുകയും ടിടിഇ സീസൺ ടിക്കറ്റുകാരനോടു മാറാൻ ആവശ്യപ്പെട്ടപ്പോൾ ടിടിഇക്കെതിരേ തട്ടിക്കയറുകയുമായിരുന്നു.
ഇത് ഏറെ നേരം വാക്കേറ്റത്തിനും സംഘർഷത്തിനും ഇടയാക്കി. പിന്നീട് മറ്റു ടിടിഇമാർ കൂടി ഇവിടെയെത്തി യാത്രക്കാരന്റെ ടിക്കറ്റ് പിടിച്ചെടുക്കുകയും പോലീസിൽ ഏൽപിക്കുകയും ചെയ്യുകയായിരുന്നു. ഇത്തരത്തിൽ സംഘടിതമായി റിസർവേഷൻ കോച്ചുകളിൽ അനധികൃത യാത്ര നടത്തുന്നതു ചോദ്യം ചെയ്യുന്പോൾ ഭീഷണിക്കുപുറമേ കൈയേറ്റങ്ങൾക്കിരയാകേണ്ടി വരുന്നതായും ടിടിഇ മാർ പറയുന്നു.