കമ്മട്ടിപ്പാടം എന്ന ആദ്യചിത്രത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് നടൻ മണിക്ണ്ഠൻ. “”നാടിനോടും നാട്ടുകാരോടുമാണ് കടപ്പാട്. പിന്നെ സംവിധായകൻ രാജീവ് രവി ഉൾപ്പെടെയുള്ള കമ്മട്ടിപ്പാടം ടോട്ടൽ ടീമിനോടും” മണികണ്ഠൻ മനസുതുറന്നു. വ്യാസൻ കെ.പി. രചനയും സംവിധാനവും നിർവഹിച്ച അയാൾ ജീവിച്ചിരിപ്പുണ്ട്, മിഥുൻ മാനുവൽ തോമസിന്റെ അലമാര, അനീഷ് അൻവറിന്റെ ബഷീറിന്റെ പ്രേമലേഖനം എന്നിവയാണ് അടുത്തുതന്നെ തിയറ്ററുകളിലെത്തുന്ന മണികണ്ഠന്റെ ചിത്രങ്ങൾ. കമ്മട്ടിപ്പാടത്തിലെ ബാലനുശേഷം പെർഫോം ചെയ്യാൻ പറ്റിയ കഥാപാത്രമായിരുന്നു അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലെ മുരുകനെന്ന് മണികണ്ഠൻ. മണികണ്ഠന്റെ പുതിയ സിനിമാ വിശേഷങ്ങളിലേക്ക്, ജീവിതചിത്രങ്ങളിലേക്ക്…
അവാർഡ് പ്രതീക്ഷിച്ചിരുന്നോ…?
പ്രതീക്ഷിച്ചിരുന്നു. ജനങ്ങൾ തരുന്ന അംഗീകാരത്തിൽ വലിയ സന്തോഷത്തിലാണ്. സിനിമയിൽ അവസരം കിട്ടിയതും ആ സിനിമ വിജയിച്ചതും എന്റെ കഥാപാത്രത്തെ ജനം സ്വീകരിച്ചതും മുഖ്യധാരാ നടന്മാരിൽ ഒരാളായി ജനങ്ങൾ അംഗീകരിക്കുകയുമൊക്കെ ചെയ്തതു തന്നെ ഏറ്റവും വലിയ അവാർഡാണ്. അവാർഡ് കിട്ടിയതിൽ സന്തോഷം, അങ്ങനെ അല്ലായിരുന്നുവെങ്കിലും സന്തോഷം. കാരണം എനിക്കു പരാതിപ്പെടാനോ സങ്കടപ്പെടാനോ ഒന്നുമില്ല. അവാർഡ് കിട്ടിയത് എന്നിലെ നടന് ഒരു തള്ളലായി, എനർജിയായി കരുതുന്നു.
കമ്മട്ടിപ്പാടത്തിനു മുന്പും അതിനുശേഷവും…
എന്റെ സ്വഭാവപരമായി അതൊക്കെത്തന്നെയാണ്. അതൊന്നും മാറിയിട്ടില്ല. പണ്ട് എങ്ങനെയാണോ അതേപോലെതന്നെ നാട്ടിലൊക്കെ ഇറങ്ങിനടക്കും. സാന്പത്തികമായി മെച്ചപ്പെട്ടു. ഉത്തവാദിത്വം കൂടി. എന്തെങ്കിലും ചെയ്താൽ പോരാ. എന്നെ നല്ല നടനായിട്ടാണു ജനം കാണുന്നത്. അപ്പോൾ ഇനി കി്ട്ടുന്ന കഥാപാത്രങ്ങൾ ഇതേപോലെ തന്നെ പഠിച്ചു ചെയ്യേണ്ടതുണ്ട്, ഇല്ലെങ്കിൽ നഷ്ടപ്പെടും എന്ന ബോധമുണ്ട്. ഉത്തരവാദിത്വം കൂടി. അതാണു മാറ്റം. കമ്മട്ടിപ്പാടത്തിനു മുന്പ് ഞാൻ എന്തോ ചെയ്തുകൊണ്ടിരുന്നു. പഴയപോലെ അങ്ങനെ നടക്കാൻ പറ്റില്ല. ഇപ്പോൾ പഠിച്ചു ചെയ്യണം, കുറച്ചുകൂടി നന്നായി ചെയ്യണം എന്ന കമിറ്റ്മെന്റുണ്ട് ജനങ്ങളോട്.
ഇപ്പോഴും നാടകങ്ങളുണ്ടോ…?
ഞാനൊരു സോളോ ചെയ്യാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ സിനിമകൾ ഉള്ളതിനാൽ റിഹേഴ്സലിനു സമയം കിട്ടാത്തതിനാൽ പെട്ടെന്നു നടക്കുന്നില്ല എന്നേയുളളൂ. തൃശൂർ ഗോപാൽജി എന്ന സംവിധായകനാണു ചെയ്യുന്നത്. ആർഎൽവി കോളജിനുവേണ്ടി നാടകങ്ങൾ ചെയ്യാറുണ്ടായിരുന്നു. ഇത്തവണയും ഗോപാൽജിയുടെ അസിസ്റ്റന്റായി വർക്ക് ചെയ്തു. നാടകത്തിന്റെ ഉൗർജം ഇപ്പോഴുമുണ്ട്. തെരുവുനാടകങ്ങളുമായും സ്റ്റേജ് നാടകങ്ങളുമായും ഇപ്പോഴും ബന്ധപ്പെട്ടുതന്നെ പോകുന്നു.
കമ്മട്ടിപ്പാടത്തിനുശേഷം അവസരങ്ങൾ സ്വീകരിക്കുന്പോൾ…
സാധാരണ ഒരു പടം കഴിഞ്ഞശേഷം അതിന്റെ റഫറൻസുമായി പല സംവിധായകരുടെയടുത്തു പോയിട്ടാണ് പല നടന്മാർക്കും അടുത്ത പടം ആയിട്ടുള്ളത്. ഭാഗ്യം കൊണ്ട് എനിക്കതു വന്നിട്ടില്ല. ആദ്യപടം കഴിഞ്ഞ് ഉടൻ തന്നെ വ്യാസൻ ചേട്ടൻ വിളിച്ചു. അനീഷ് അൻവർ, മിഥുൻ മാനുവൽ തോമസ് എന്നിവരുടെ പടങ്ങളും വന്നു. പിന്നെയും ധാരാളം പടങ്ങൾ വന്നു. അതിൽ നല്ലതു നോക്കി കഥാപാത്രം എന്നു പറയത്തക്കവിധം എന്തെങ്കിലും ഉള്ളതു നോക്കി ചെയ്യാം എന്ന രീതിയിലാണു പടങ്ങൾ എടുക്കുന്നത്.
പണം ഉണ്ടാക്കണമെങ്കിൽ നല്ല സമയമാണ്. ഏറെ സ്റ്റേജ് പ്രോംഗ്രാംസ് വരുന്നുണ്ട്. നായക വേഷം കിട്ടാവുന്ന ചെറിയ ചെറിയ പടങ്ങളും വരുന്നുണ്ട്. എന്നാൽ, ഒറ്റയടിക്ക് പൈസക്കാരനായി, ഉള്ള സമയത്തു കാശുണ്ടാക്കി സെറ്റിലായി എവിടെയെങ്കിലും ബിസിനസുമായി നിൽക്കാം എന്ന ഉദ്ദേശമില്ല. 10 പടമെങ്കിൽ 10 പടം. അത് എന്നും സംസാരിക്കപ്പെടുന്ന കഥാപാത്രങ്ങളാവണം. എന്നെ സംബന്ധിച്ച് 500 രൂപ പോക്കറ്റിലുണ്ടെങ്കിൽ അത് 50,000 രൂപയുടെ വിലയുണ്ട്. കാരണം, പോക്കറ്റിൽ 50 പൈസ പോലും ഇല്ലാതിരുന്ന ഒരാളാണു ഞാൻ.
എന്നെയും എന്റെ വീട്ടുകാരെയും പണമോ അതുപോലെയുള്ള മായകളോ ഇതേവരെ പിടിച്ചിട്ടില്ല. അതുകൊണ്ടു രക്ഷപ്പെട്ടു പോകുന്നു. വീട്ടുകാർ ആരും സിനിമാറ്റിക് ആയിട്ടില്ല. പെട്ടെന്നു ഫ്ളാറ്റെടുക്കമമെന്നോ കാറെടുക്കണമെന്നോ ഉള്ള ആഗ്രഹങ്ങളൊന്നുമില്ല. കാരണം, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങൾ വളരെ ഹാപ്പിയാണ്. കൈയിലൊതുങ്ങുന്ന പണം. അതിനപ്പുറത്തേക്കു വേണമെന്നു താത്പര്യമില്ല. നമുക്കും നമ്മളെ ചുറ്റിപ്പറ്റിയുള്ളവരെ സഹായിക്കാനും എന്തെങ്കിലുമൊക്കെ…അത്തരം ഒരു ചിന്തയിലാണു പോയ്ക്കൊണ്ടിരിക്കുന്നത്. അതനുസരിച്ചിട്ടുള്ള സിനിമകളാണു സെലക്ട് ചെയ്യുന്നത്.
പണത്തിനു വേണ്ടി ഞാൻ ചെയ്യുന്നില്ല. എന്നിലെ നടനെ വളർത്താൻ കമ്മട്ടിപ്പാടം ബാലൻ എന്ന കാരക്ടറിന് അപ്പുറം ചെയ്യാനാകുമോ, അതിനുള്ള സാധ്യതയുണ്ടോ, പുതിയ എന്തെങ്കിലും അഭിനയത്തിൽ പരീക്ഷിക്കാനുണ്ടോ, പഠിക്കാനുണ്ടോ എന്നൊക്കെയുള്ള നോട്ടത്തിലാണു പൊയ്ക്കൊണ്ടിരിക്കുന്നത്.
അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലേക്ക്…
വളരെ പേടിച്ചു തന്നെയാണ് ഈ സിനിമയിൽ കമിറ്റായത്. വ്യാസൻ ചേട്ടൻ സംവിധാനം ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ഡയറക്ടറിന്റെ ആക്ടറാണ്. ഒരു സംവിധായകനിൽ 100 ശതമാനം വിശ്വസിച്ച് അദ്ദേഹം എന്തു പറയുന്നുവോ അതു ചെയ്യുക എന്നുള്ളതല്ലാതെ ടെക്നിക്കൽപരമായി വേറെ ഒന്നും എനിക്കറിയില്ല. അവരെന്തു പറയുന്നുവോ അതു ചെയ്യുക എന്നതിനപ്പുറം എന്റേതായ അഭിപ്രായങ്ങളൊന്നും ഞാൻ അവിടെപ്പോയി പറയില്ല.
പുതിയൊരു സംവിധായകനു രണ്ടാമത്തെ അല്ലെങ്കിൽ മൂന്നാമത്തെ പടം കൊടുക്കുന്പോഴുള്ള ഒരു പേടി ഉണ്ടായിരുന്നു. കമ്മട്ടിപ്പാടം എന്ന ഒറ്റപ്പടം മാത്രമേയുള്ളൂ മുന്പിൽ വയ്ക്കാൻ. വലിയൊരു താരമല്ല. രണ്ടാമത്തെ പടം എല്ലാവരും നോക്കിനിൽക്കുന്ന ഒരു പടമാണ്, ഇയാൾ എന്താണു ചെയ്യാൻ പോകുന്നുവെന്ന്. അതിന്റെയൊരു ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ വ്യാസൻ ചേട്ടൻ ഈ കഥ പറഞ്ഞുകഴിഞ്ഞപ്പോഴേക്കും എനിക്കു വലിയ വിശ്വാസമായി. വിഷ്വലി കാണുന്നതുപോലെയാണ് വ്യാസൻ ചേട്ടൻ കഥ പറയുന്നത്. ആ വിഷ്വൽസെല്ലാം വ്യാസൻ ചേട്ടൻ നേരിട്ടു കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമാണ്.
എനിക്കു സഹോദരിമാരില്ല, ഞാൻ കടലിൽ പോകുന്നയാളല്ല. പക്ഷേ, അതല്ലാതെ മുരുകന്റെ കുറേ കാര്യങ്ങൾ എനിക്കു ഫീൽ ചെയ്തു. മുരുകൻ എന്ന കഥാപാത്രം വ്യാസൻ ചേട്ടനും കൂടിയാണ്. പടം കണ്ടപ്പോൾ ഞാൻ ഏറെ ഞെട്ടി. കാരണം സംവിധായകന്റെ ബുദ്ധി ഏറെ കാണാനുണ്ട് അതിൽ. എന്നെ ഉപയോഗിച്ചിരിക്കുന്നതും ആക്ട് ചെയ്യിപ്പിച്ചിരിക്കുന്നതും ഒരിടത്തും അതിപ്രസരം വരാതെയാണ്. ആ കഥാപാത്രം എന്താണോ അതിനു വേണ്ട കാര്യങ്ങൾ മാത്രം ചെയ്യിച്ചു. എന്തെങ്കിലും കൂടുതൽ ഇട്ടാൽത്തന്നെ മണീ, അതു വേണ്ട, നല്ലതാണ് പക്ഷേ, നമുക്കു പിന്നെയെടുക്കാം എന്നു പറയും. കൃത്യമായി എന്തു വേണം എന്നറിയാവുന്ന സംവിധായകനാണ് വ്യാസൻചേട്ടൻ.
മുരുകനെക്കുറിച്ച്…
ബാലനെപ്പോലെ ലൈഫുള്ള ആളാണ് മുരുകനും. വ്യാസൻ ചേട്ടൻ കണ്ടിട്ടുള്ള അല്ലെങ്കിൽ അദ്ദേഹം അനുഭവിച്ചിട്ടുള്ള കുറേ കാര്യങ്ങളാണ് മുരുകൻ. വ്യാസൻ ചേട്ടനുമായും ഞാനുമായുമൊക്കെ പല സ്ഥലത്തും ടച്ച് ചെയ്യും ആ കാരക്ടർ. അതു ചെയ്ത സമയത്ത് ഇതു ഞാനാണല്ലോ എന്നു തോന്നിയ പല സന്ദർഭങ്ങളുമുണ്ട്. മുരുകന്റെ സത്യസന്ധതയും ആഗ്രഹങ്ങളും മണ്ടത്തരം കൊണ്ട് ഉണ്ടാകുന്ന വിൽപവറും..അതായത് വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെ എന്തിലേക്കും എടുത്തുചാടുന്ന ഒരു ധൈര്യമുണ്ടല്ലോ. അതിനെ മണ്ടത്തരമെന്നും പറയാം. അതൊക്കെ നമ്മളിൽ ഉള്ളതാണ്. കമ്മട്ടിപ്പാടത്തിലെ ബാലനുശേഷം പെർഫോം ചെയ്യാൻ പറ്റിയ കഥാപാത്രം.
മത്സ്യത്തൊഴിലാളിയാണു മുരുകൻ. വളരെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചു. സ്കൂളിൽ പോയിട്ടില്ല വീടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വളരെ ചെറുപ്പത്തിൽ തന്നെ കടലിൽ പോകാൻ തുടങ്ങി. സഹോദരിമാരെ കെട്ടിച്ചുവിട്ടശേഷം അയാൾ ഗോവയിൽ പോവുക എന്ന ആഗ്രഹം സഫലമാക്കാൻ തുനിയുന്നു. അയാളുടെ അയൽവാസിയായ ജോഷിചേട്ടൻ ഇടയ്ക്കു ഗോവയിൽ പോയി വരുന്പോൾ ഗോവാകഥകൾ പറഞ്ഞു കൊതിപ്പിച്ചുവച്ചതാണ്. പണ്ടുമുതലേ ഗോവ ഒരു ലക്ഷ്യമായിരുന്നു. അങ്ങനെ ഗോവയിലെത്തുന്നു. അവിടെവച്ചാണ് ജോണ് മാത്യു മാത്തനെ പരിചയപ്പെടുന്നത്. മാനസികമായി രണ്ടുപേർക്കും പരസ്പരം ഇഷ്ടമുണ്ടാകുന്നു.
പെട്ടെന്ന് എല്ലാവരെയും വിശ്വസിക്കുന്നയാളാണ് മുരുകൻ. ഷേക്ക് ഹാൻഡ് കൊടുത്തു കഴിഞ്ഞാൽ കൂട്ടായി. അതിനപ്പുറത്തേക്ക് അയാളെക്കുറിച്ച് അന്വേഷണങ്ങളൊന്നുമില്ല. നന്നായി സംസാരിക്കുകയും തോളിൽ കൈയിടുകയും ചെയ്താൽ കൂട്ടുകാരനായി അയാൾ. അല്ലെങ്കിൽ ചേട്ടനായി, അനിയനായി… അത്തരത്തിലുള്ള ഒരു സാധാരണക്കാരനാണു മുരുകൻ. ഇയാളുടെ കൂടെ കൂടിയാൽ ഇതു നടക്കും എന്ന മട്ടിലുള്ള സൗഹൃദമല്ല അത്. അവരുടെ സൗഹൃദത്തിന് ഉപാധികളില്ല.
വിജയ്ബാബുവിനൊപ്പം ആദ്യമായ്…
ജോണ്മാത്യു മാത്തനെ അവതരിപ്പിച്ച വിജയ് ബാബു പ്രൊഡ്യൂസറും സീനിയർ നടനുമൊക്കെയാണല്ലോ. അതിനാൽ ഷൂട്ടു തുടങ്ങിയപ്പോൾ ചെറിയ ഒരകൽച്ച ഉണ്ടായിരുന്നു, ബഹുമാനം മൂലമുള്ള അകൽച്ച. ഷൂട്ടു കഴിഞ്ഞ് ഞാൻ മാറിനിൽക്കും. അദ്ദേഹം എവിടെയെങ്കിലും പുസ്തകം വായിച്ചിരിക്കും. ഷൂട്ടു തുടങ്ങി 23 ദിവസം വരെ അത്തരം ഒരകൽച്ച ഞങ്ങൾ തമ്മിലുണ്ടായിരുന്നു. എന്നാൽ പിന്നീട് മുരുകനെ ജോണ്മാത്യുവിന് ഇഷ്ടമായതുപോലെ മണികണ്ഠനെ വിജയ്ബാബുവിന് ഇഷ്ടപ്പെടുകയായിരുന്നു. അങ്ങനെ ഒരു കെമിസ്ട്രി ഞങ്ങൾ തമ്മിലുണ്ടായി.
ഞങ്ങൾ മൂന്നുപേരും, അതായത് വ്യാസൻചേട്ടനും വിജയേട്ടനും ഞാനും തമ്മിൽ നല്ല കൂട്ടായി. അതിന്റെയൊരു സുഖം ആ കാരക്ടർ ചെയ്തപ്പോൾ ഉണ്ടായിരുന്നു. ആദ്യത്തെ 23 ദിവസം മുന്പു പറഞ്ഞ അകൽച്ച ഉണ്ടായിരുന്നു. അതിനുശേഷം ഗോവയിൽ ചെന്നപ്പോഴേക്കും ഞങ്ങൾ ഒരുമിച്ചായിരുന്നു ഫുൾടൈം. മുരുകനെ ജോണ്മാത്യു മാത്തൻ കൊണ്ടുനടക്കുന്നതുപോലെ എന്നെ വിജയ്ബാബു കൊണ്ടുനടക്കുകയായിരുന്നു.
കമ്മട്ടിപ്പാടത്തിൽ നിന്ന് അയാൾ ജീവിച്ചിരിപ്പുണ്ട് സെറ്റിലെത്തിയപ്പോൾ..
നമ്മൾ പഠിച്ചുവന്ന ഒരു സ്കൂൾ വിട്ടു വേറൊരു സ്കൂളിലേക്കു പോകുന്പോഴുണ്ടാകുന്ന ഒരു ബുദ്ധിമുട്ടുണ്ടല്ലോ. അത് ഒരാഴ്ചത്തേക്ക് ഉണ്ടാവും. ഇവിടെ രണ്ടു മൂന്നു ദിവസങ്ങളിൽ അത്തരം ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം, കമ്മട്ടിപ്പാടം എന്നതു തെരുവുനാടകം ചെയ്യുന്ന ഫീലായിരുന്നു. അല്ലെങ്കിൽ ഒരു നാടകട്രൂപ്പ് എന്ന പോലെ. വേറൊരു ടൈപ്പ് മേക്കിംഗ് ആണ് ഇവിടെ. കൊമേഴ്സ്യൽ ചിന്ത ഉണ്ടെങ്കിലും കലാപരമായി മുന്നിട്ടുനിൽക്കുന്നുണ്ട് ഈ ചിത്രം. കാശിനു വേണ്ടി മാത്രം ചെയ്ത ഒരു പടമല്ല. ഇതിൽ കഥയുണ്ട്. സബ്ജക്ട് തന്നെയാണ് ഇതിൽ ഹീറോ. കഥ ആവശ്യപ്പെടുന്ന രീതിയിലുള്ള മേക്കിംഗ് ആയിരുന്നു ഇതിൽ.
ഈ സിനിമയിലെ പ്രചോദനങ്ങൾ..
വ്യാസൻചേട്ടനും കോആക്ടർ വിജയ് ബാബുവും ഏറെ സപ്പോർട്ടീവായിരുന്നു. ഏതു കാരക്ടറും കിട്ടുന്പോൾത്തന്നെ അതുമായി എനിക്കു വലിയ ബന്ധം വരില്ല. ഒരാളുമായി കൂട്ടുകൂടുന്നതുപോലെയാണ് ഒരു കഥാപാത്രമായി നമ്മൾ ചെയ്യുന്നതും. ആദ്യത്തെ രണ്ടു ദിവസം വലിയ പ്രശ്നമായിരിക്കും. കഥാപാത്രത്തിന്റെ നടപ്പും മറ്റു രീതികളും ആക്ടർ ഉൾക്കൊണ്ടു വരുന്നതിനു രണ്ടു മൂന്നു ദിവസം വേണമെന്നാണ് എന്റെ വിശ്വാസം.
ഏതു കാരക്ടർ ചെയ്താലും ഡയലോഗ് പറഞ്ഞ് ആ സിറ്റ്വേഷൻ ഒന്നു പൊലിപ്പിച്ചുവിടുക എന്നതിനപ്പുറം എന്റെ നോട്ടത്തിലും നടപ്പിലുമെല്ലാം ഒരു മുരുകനെ കാണണമെങ്കിൽ അല്ലെങ്കിൽ ഒരു ബാലനെ കാണിക്കണമെങ്കിൽ അതു വേണ്ടിവരും. കമ്മട്ടിപ്പാടത്തിൽ ആറു മാസത്തോളം കഥാപാത്രമായി ട്രാവൽ ചെയ്തതുകൊണ്ടാണ് അത് അത്രയും നന്നായത്. ഒറ്റ ദിവസം കൊണ്ടു സ്ക്രിപ്റ്റ് കേട്ട് ചെയ്യാം എന്നു പറഞ്ഞാൽ അവിടെ എനിക്കു മണികണ്ഠനായേ നിൽക്കാൻ പറ്റുകയുള്ളൂ, മണികണ്ഠന്റേതായ ചേഷ്ടകളെ കാണിക്കാൻ പറ്റുകയുള്ളു.
കമ്മട്ടിപ്പാടത്തിലൂടെ തെളിയിക്കപ്പെട്ട താങ്കളിലെ നല്ല നടനു സപ്പോർട്ടാവുകയാണ് മുരുകൻ..
കമ്മട്ടിപ്പാടം ബാലൻ നെഞ്ചുവിരിച്ച് നടുവ് നിവർത്തി ആരെയും എന്തും ചെയ്യാം എന്ന മട്ടിലുള്ള ഒരാളായിരുന്നു. ചെറിയ ശബ്ദമാണെങ്കിലും നല്ല കനത്തിൽ ഡയലോഗ് പ്രസന്റ് ചെയ്യുന്ന ഒരു കഥാപാത്രം. കുറിക്കുകൊള്ളിച്ചാണ് ബാലൻ ഓരോ വാക്കും പറയുന്നത്. ഒരു ടീമിനെ ലീഡ് ചെയ്തുപോകുന്ന ഗുണ്ട. അയാൾക്കു ഫാമിലി എന്ന സ്നേഹമുണ്ട്. പ്രണയമുണ്ട്. മുരുകൻ ഇതിനു നേർവിപരീതമാണ്. ഒരു കുട്ടിത്തം എപ്പോഴുമുണ്ട് മുരുകനിൽ. ഭാഷ അറിയാത്തതു മൂലമുള്ള പ്രശ്നങ്ങളുണ്ട്. എല്ലാവരെയും സ്നേഹിക്കുക., എല്ലാവരോടും ഒരുപോലെ നിൽക്കുക എന്നതാണ് മുരുകന്റെ രീതി. തന്നെ ആരും പറ്റിക്കില്ല, താൻ ബുദ്ധിമാനാണ് എന്ന മണ്ടത്തരവുമുണ്ട്.
നല്ല നടൻ എന്ന പേരിനെ ഒന്നുകൂടി ഉറപ്പിക്കുന്ന കഥാപാത്രമാണു മുരുകൻ. ബാലനല്ല മുരുകൻ. ബാലന്റെ നടത്തവും നോട്ടവും ചിന്തകളുമൊക്കെ വേറെയാണ്. ബാലനുമായി താരതമ്യം ചെയ്യാനാകുന്ന ഒരു സീൻ പോലും ഈ പടത്തിൽ ഇല്ല എന്നാണ് സിനിമ കണ്ട എല്ലാവരുടെയും അഭിപ്രായം, എന്റെയും
ഇതിൽ പാട്ടുപാടി അഭിനയിക്കുകയാണ്, ആദ്യമായി…
ആദ്യമായി ഒരു പാട്ടുസീനിൽ വരികയാണ് ഈ സിനിമയിലൂടെ. ഒൗസേപ്പച്ചൻ സാറിന്റെ സംഗീതം. ഹരിനായരാണു കാമറ. എല്ലാവരും നല്ല സപ്പോർട്ടായിരുന്നു. കേരളം വിട്ടു ഗോവയിലേക്കു ചെന്നതോടെ എല്ലാവരും ഒറ്റ ഫാമിലിയായി. ഗോവയിൽ ചുറ്റിക്കറങ്ങിയതും ആസ്വദിച്ചതും ആദ്യമായിട്ടാണ്. വിമാനത്തിൽ കയറിയതും ആദ്യമായിട്ടാണ്. ഗോവയിൽ പണ്ടു ഞാൻ നാടകം കളിക്കാൻ പോയിട്ടുണ്ട്. പക്ഷേ ഇതേപോലെ കുറച്ചുദിവസം നിന്നിട്ടില്ല.
വിജയ്ബാബുവിന്റെ കാരക്ടർ…
വിജയേട്ടന്റെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായ ഒരു കാരക്ടറാണ് ഇതിലെ ജോണ്മാത്യു മാത്തൻ. ലൈഫിൽ അത്തരം ഒരുപാടുപേരെ നമ്മൾ കണ്ടിട്ടുണ്ടാവും. അതു വിജയേട്ടൻ വളരെ നന്നായി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കരിയറിൽ എടുത്തു പറയാവുന്ന ഒന്നായിരിക്കും ഇതിലെ കാരക്ടർ എന്നാണു വിശ്വാസം.
രണ്ടുപേർക്കും തുല്യ പ്രാധാന്യമാണോ…?
സബ്ജക്ട് തന്നെയാണു മെയിൻ ഹീറോ. ഈ സിനിമയുടെ സബ്ജക്ട് പറഞ്ഞുപോകാൻ രണ്ട് ഉപകരണങ്ങളാണ് മുരുകനും ജോണും. അതിനാൽ നടന്മാരുടെ അതിപ്രസരമില്ല. നടന്മാരെ കാണിക്കുക എന്ന ഒരഭ്യാസം ഉണ്ടാകാറുണ്ടല്ലോ സാധാരണ സിനിമകളിൽ. ഞാൻ നിൽക്കുന്പോൾ എന്റെ പെർഫോമൻസ് എന്ന സ്വാർഥതയുണ്ട് ഓരോ നടനും. അതിനെ ഈ സബ്ജക്ട് അനുവദിക്കുന്നില്ല, കമ്മട്ടിപ്പാടം പോലെതന്നെ, നടന്മാർക്കു മുകളിലേക്ക് സബ്ജക്ട് കയറി നിൽക്കുകയാണ്.
അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയ്ക്കുശേഷം…
മിഥുൻ മാനുവൽ തോമസിന്റെ അലമാര, അനീഷ് അൻവറിന്റെ ബഷീറിന്റെ പ്രേമലേഖനം എന്നീ പടങ്ങൾ ചെയ്തു. പല ടൈപ്പ് മേക്കിംഗിൽ നിൽക്കാനായത് എന്റെ ഭാഗ്യമായി കരുതുന്നു. അലമാര എന്നത് പൂർണമായും ഒരു കൊമേഴ്സ്യൽ പടമാണ്. ചിരിക്കുക, ചിരിപ്പിക്കുക.. എന്നതിനൊപ്പം ഒരു കുടുംബത്തിന്റെ കഥ പറയുന്നു. സംവിധായകൻ മിഥുൻ വളരെ ഫ്രണ്ട്ലി ആയിട്ടാണു പെരുമാറിയത്. ആർട്ടിസ്റ്റുകളെ സീനിയർ, ജൂണിയർ എന്നിങ്ങനെ വേറിട്ടു കണ്ടിരുന്നില്ല. എവിടെച്ചെന്നാലും ഒരു കസേര കിട്ടാനുള്ള കഥാപാത്രമാണ് കമ്മട്ടിപ്പാടത്തിൽ രാജീവേട്ടൻ എനിക്കു തന്നത്.
അലമാരയിലെ കഥാപാത്രം..
നല്ല കഥാപാത്രമാണ്. സുബ്രഹ്മണ്യൻ എന്നാണു കഥാപാത്രത്തിന്റെ പേര്. സുപ്രൻ മാമൻ എന്നാണു വിളിക്കുന്നത്. നായകൻ സണ്ണി വെയ്നിന്റെ അമ്മാവനായിട്ടാണ്. കോമഡി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. സീമ ജി. നായരുടെ സഹോദരന്റെ വേഷം. അതിൽ രഞ്ജിയേട്ടനുമായി കോംബിനേഷനുകളുണ്ട്. ആ സിനിമയും നല്ല അനുഭവം തന്നെയായിരുന്നു. അതിൽ പൂർണമായും കോമഡി തന്നെയാണു ചെയ്യാൻ ശ്രമിച്ചിട്ടുള്ളത്. കുടുംബത്തിനിടയിൽ വന്നു പ്രശ്നങ്ങളുണ്ടാക്കുന്ന തരത്തിലുള്ള ഒരമ്മാവൻ കഥാപാത്രം.
ബഷീറിന്റെ പ്രേമലേഖനം
അനീഷ് അൻവർ സംവിധാനം ചെയ്ത ബഷീറിന്റെ പ്രേമലേഖനത്തിൽ എന്റെ കഥാപാത്രം ഉസ്മാൻ. അതിലും കോമഡി കലർന്നിട്ടുണ്ട്. എന്നാൽ ഫുൾടൈം കോമഡിയല്ല. സെന്റിമെന്റ്സും പ്രണയവുമൊക്കെുള്ള ആളാണ് ഉസ്മാൻ. ഷീലാമ്മയുമായി കോംബിനേഷൻ സീൻ അഭിനയിച്ചു. ഷീലാമ്മയുട അനുഗ്രഹം വാങ്ങാനായി. നാടകത്തിൽ നിന്നല്ലേ വന്നത്, നീ നന്നായി ചെയ്യുന്നുണ്ട് എന്നു ഷീലാമ്മ പറഞ്ഞു. അതു ഭാഗ്യമായി കരുതുന്നു.
ദുൽഖർ സൽമാന്റെ സപ്പോർട്ട് എത്രത്തോളം…?
കമ്മട്ടിപ്പാടം ചെയ്യുന്പോൾ ദുൽഖറിന്റെ വളരെയധികം സപ്പോർട്ടുണ്ടായിരുന്നു. ഇപ്പോഴും അതു തുടരുന്നു. അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയെക്കുറിച്ചു പറയാൻ ഞാൻ വോയ്സ് മെസേജ് അയച്ചപ്പോൾ തിരിച്ച് എനിക്ക് വോയ്സ് മെസേജ് അയച്ചു. പുതിയ സിനിമയെ സപ്പോർട്ട് ചെയ്യാമെന്നും അദ്ദേഹത്തിന്റെ എഫ്ബി പേജിൽ പോസ്റ്റിടാമെന്നും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും എന്നോടു സംസാരിക്കുകയും എവിടെവച്ചു കാണുന്പൊഴും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന നായകനാണ് ദുൽഖർ.
എസ്രയിലെ റോൾ…
കമ്മട്ടിപ്പാടത്തിനുശേഷം ആദ്യം എന്നോടു സംസാരിക്കുന്നത് എസ്രയിലെ റോളിനെക്കുറിച്ചാണ്. രണ്ടാമത്തെ പടം എസ്ര ആയിരിക്കുമെന്നു കരുതി. കുഞ്ഞൻ എന്ന കഥാപാത്രം ചെയ്യാനാണ് അതിന്റെ സംവിധായകനായ ജെയ് കെ. എന്നെ വിളിച്ചത്. കമ്മട്ടിപ്പാടം ഷൂട്ട് നടക്കുന്പോൾത്തന്നെ അവരുടെ ഓഫീസിൽ എന്റെ ഫോട്ടോ ഒട്ടിച്ചിരുന്നു. കാസ്റ്റിംഗിൽ ഞാനുണ്ടായിരുന്നു. അതിൽ എനിക്കു ചെയ്യാനുള്ള ഒന്നും ഇല്ലെന്നും ആ റോൾ ചെയ്യേണ്ടെന്നും കമ്മട്ടിപ്പാടം ഇറങ്ങി കണ്ടുകഴിഞ്ഞപ്പോൾ ജെയ് കെ പറഞ്ഞു. അങ്ങനെ ഞാൻ അതിൽ നിന്നു മാറി.
പക്ഷേ, എസ്രയുടെ ഭാഗമാകാൻ താത്പര്യമുണ്ടെങ്കിൽ ഒരു ഗസ്റ്റ് റോൾ ചെയ്യാമെന്നു പടം കഴിയാറായപ്പോൾ പറഞ്ഞു. ഒരു സൗഹൃദത്തിന്റെ പേരിലും ഒരു ഫാമിലി സിനിമ എന്ന രീതിയിലും ഞാൻ സമ്മതിച്ചു. ഞാനും ബാലു വർഗീസുമുള്ള സീൻ മുംബൈയിലാണ് ഷൂട്ട് ചെയ്തത്. പക്ഷേ, അതു തെറ്റില്ലാതെ പോയി. ചെറുതാണെങ്കിലും ആളുകൾ അതിനെ കഥാപാത്രമായി അംഗീകരിച്ചു. സെക്കൻഡ് പാർട്ട് വേണമെങ്കിൽ തുടങ്ങാം എന്ന മട്ടിലാണ് ആ സിനിമ അവസാനിക്കുന്നത്.
ജീവിതത്തിൽ കടപ്പാട് ആരോടാണ്..?
കടപ്പാട് നാട്ടുകാരോടു തന്നെയാണ്. കാരണം, എന്റെ വീട്ടിൽ നിന്നു കഴിച്ച ഭക്ഷണത്തിൽ കൂടുതൽ ഞാൻ എന്റെ നാട്ടിലുള്ള വീടുകളിൽ നിന്നു കഴിച്ചിട്ടുണ്ട്. ഇന്ന് എനിക്കൊപ്പം ഏറ്റവുമധികം സന്തോഷിക്കുന്നതു കൂട്ടുകാരും വീട്ടുകാരും നാട്ടുകാരുമൊക്കെയാണ്. തൃപ്പൂണിത്തുറയാണ് എന്റെ നാട്. വളരെ കുറവു വിദ്യാഭ്യാസമുള്ള ഒരാളാണു ഞാൻ. എങ്കിൽപ്പോലും എനിക്കു നല്ല ഭാഷ കിട്ടിയത് എന്റെ നാടിന്റെ സംസ്കാരത്തിൽ നിന്നാണ്. നാടിനോടും നാട്ടുകാരോടുമാണു കടപ്പാട്.
പിന്നെ കടപ്പാട് രാജീവ് രവിയോടാണ് എല്ലാ ഇമോഷനുകളിലൂടെയും പോകുന്ന കമ്മട്ടിപ്പാടം ബാലൻ എന്ന കഥാപാത്രത്തെ ആദ്യസിനിമയിൽ തന്നെ തന്നതിന്. ജീവിതത്തിലെ എല്ലാ സങ്കടവും ചിരിയും തമാശയും പ്രേമവും തല്ലുപിടിത്തവും ഭ്രാന്തമായിട്ടുള്ള കള്ളുകുടിയുമൊക്കെയുള്ള ഒരു കഥാപാത്രത്തെ ഓഡിഷനിലൂടെ വന്ന എന്നെ ഏൽപ്പിക്കുക എന്നുള്ളതു റിസ്കുള്ള കാര്യമാണ്. അതും കൊമേഴ്സ്യൽ ആയിക്കൂടി ചെയ്ത ഒരു പടത്തിൽ. അങ്ങനെയൊരു ചിത്രത്തിലെ വേഷം എന്നെ ധൈര്യസമേതം ഏൽപ്പിച്ചു എന്നുള്ളതു വലിയ മനസാണ്. അത് അവതരിപ്പിക്കാൻ എനിക്കു തന്ന പ്രോത്സാഹനം, അതിന്റെ കാമറാമാൻ മധു നീലകണ്ഠൻ, എഡിറ്റർ അജിത് കുമാർ.. കമ്മട്ടിപ്പാടം ടോട്ടൽ ടീമിനോടു കടപ്പെട്ടിരിക്കുന്നു. എന്നെ രക്ഷപ്പെടുത്തണം എന്നു കരുതി ചെയ്ത ഒരു സിനിമ പോലെയാണ് എനിക്കു കമ്മട്ടിപ്പാടത്തിനെ കാണാൻ കഴിയുക.
വീട്ടുകാര്യങ്ങൾ…
വീട്ടിൽ അമ്മ സുന്ദരിയമ്മ. മൂന്നു ജ്യേഷ്ഠന്മാർ. മുരുകദാസ്, ഗണേശൻ, ശിവദാസ്. മൂത്ത ചേട്ടൻ വിവാഹിതനാണ്. ചേട്ടത്തി ജയന്തി. രണ്ടാമത്തെ ചേട്ടനു വിവാഹം നോക്കിക്കൊണ്ടിരിക്കുന്നു. വീടു വാങ്ങാനുള്ള ശ്രമങ്ങൾ നടക്കുന്നു. അച്ഛൻ മരിച്ചിട്ട് 20 വർഷത്തിലേറെയായി. എനിക്കു 34 വയസുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. അതിനുശേഷം പല വീടുകളിൽ നിന്നാണു ഞാൻ വളർന്നത്. അതിന്റേതായ ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളും പ്രശ്നങ്ങളുമൊക്കെ ഉണ്ടായിരുന്നു.
ഇത്തരം തീവ്രമായ അനുഭവങ്ങൾ തന്നെയാവണം നടൻ എന്ന രീതിയിലുള്ള താങ്കളുടെ കരുത്ത്…
തീർച്ചയായും. പല തലങ്ങളിൽ ജീവിക്കാൻ കഴിയുക എന്നുള്ളതാണ് നടന്റെ ഏറ്റവും വലിയ ഭാഗ്യം. പല നാടുകളിൽ പല ആളുകളെ പരിചയപ്പെടുക പല സിറ്റ്വേഷനുകളും തരണം ചെയ്യപ്പെടുക എന്നതും. അത്തരം പല സിറ്റ്വേഷനുകളും അനുഭവിച്ചിട്ടുണ്ട്, തരണം ചെയ്തിട്ടുമുണ്ട്.
പുതിയ സിനിമകൾ…
പുതിയ പടങ്ങളുടെ ചർച്ചയിലാണ്. എന്തായാലും എന്നെക്കുറിച്ച് അന്വേഷണങ്ങളുണ്ട്. ആളുകൾ കഥ പറയാൻ വരുന്നുണ്ട്. ലാൽ ജോസ് സാറിനെയും രഞ്ജിത്ത് സാറിനെയും നേരിൽ പോയികണ്ടു. അടുത്ത പടത്തിൽ സഹകരിപ്പിക്കാമെന്നു പറഞ്ഞു. മമ്മൂക്ക വലിയ സപ്പോർട്ടാണ്. അദ്ദേഹത്തിന്റെ പടങ്ങളിൽ വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്. ലാലേട്ടനെ നേരിട്ടു കാണാൻ കഴിഞ്ഞിട്ടില്ല. കാണാനുള്ള അന്വേഷണത്തിലാണ്.
പ്രേക്ഷകരോട് എന്താണു പറയാനുള്ളത്…?
നിങ്ങളിൽ ഒരാളായി തന്നെ എന്നെ കാണുക, ഞാനൊരിക്കലും വേറൊരാളല്ല. സിനിമയിൽ അഭിനയിക്കുന്പോൾ മാത്രം സിനിമാനടനായി നിൽക്കാനാഗ്രഹിക്കുന്ന ഒരാളാണു ഞാൻ. 24 മണിക്കൂറും നടൻ അല്ലെങ്കിൽ താരം എന്ന പദവി ചുമക്കാൻ ആഗ്രഹിക്കുന്നില്ല. എനിക്കെന്റെ നാട്ടിൽ അവരിലൊരാളായി നടക്കണം. നല്ല കഥാപാത്രങ്ങൾ കിട്ടണമെന്ന് എല്ലാവരും എനിക്കുവേണ്ടി പ്രാർഥിക്കുക, എനിക്കു സമൂഹത്തോട് ഒരു ഉത്തരവാദിത്വമുണ്ട്. ആ ബോധത്തോടെയാണു ഞാൻ മുന്നോട്ടു പോകുന്നത്.
ടി.ജി.ബൈജുനാഥ് –