ബാഴ്സലോണ: കേട്ടറിവിനേക്കാൾ വലുതാണ് ബാഴ്സയെന്ന സത്യമെന്ന് പാരീസ് സെന്റ് ജർമെയ്ൻ ഒറ്റ മത്സരകൊണ്ട് തിരിച്ചറിഞ്ഞു. ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത അത്യദ്ഭുതം സൃഷ്ടിച്ച് ബാഴ്സലോണ ക്വാർട്ടറിൽ കടന്നു. പിഎസ്ജിയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്താണ് ബാഴ്സ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്.
യൂറോപ്യന്‍ ഫുട്ബോളിന്റെ നോക്കൗട്ട് ചരിത്രത്തില്‍ എവേ പോരാട്ടത്തില്‍ 4-0ന് തോറ്റശേഷം തിരിച്ചടിച്ച് ജയിച്ചക്കുകയെന്ന അത്യദ്ഭുതമാണ് ന്യൂകാന്പിൽ ബാഴ്സ രചിച്ചത്. അസാധ്യമെന്നു കട്ടഫാൻസുപോലും കരുതിയത് എംഎൻഎസ് ത്രയം തകർത്താടിയപ്പോൾ ബാഴ്സ സാധിച്ചെടുത്തു.
കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കുന്പോൾ 5-3 ന് (മൊത്തം ഗോൾ) പിന്നിലായിരുന്ന ബാഴ്സ അവസാന വിസിൽ മുഴങ്ങുന്പോൾ 5-6 ന് മുന്നിൽ. ഫുട്ബോളിന്റെ എല്ലാ ആവേശവും അതിന്റെ ഉച്ചസ്ഥായിയെലെത്തിയ മത്സരത്തിൽ ആദ്യ മിനിറ്റിൽ ആരംഭിച്ച ഗോളടി ബാഴ്സ 95-ാം മിനിറ്റിലെ വിജയഗോളോടെയാണ് അവസാനിപ്പിച്ചത്. മൂന്നാം മിനിറ്റിൽ സുവാരസിന്റെ ഗോളോടെയാണ് തുടങ്ങിയത്. പിഎസ്ജിയുടെ ബോക്സിലേക്ക് ഉയർന്നുവന്ന ക്രോസ് സുവാരസ് തലകൊണ്ട് കുത്തിവലയിലാക്കുകയായിരുന്നു.
തുടരെതുടരെ ആക്രമണങ്ങൾ നടത്തിയിട്ടും പിന്നീട് ഗോൾ അകന്നുനിന്നു. 40-ാം മിനിറ്റിൽ ഇനിയേസ്റ്റയുടെ മുന്നേറ്റമാണ് ഗോൾ അണ മുറിച്ചത്. വരാനിരിക്കുന്ന ഗോൾ മഴയുടെ തുടക്കമെന്നപോലെ പിഎസ്ജി സമ്മാനിച്ച ഓൺഗോൾ. പോസ്റ്റിനു തൊട്ടടുത്തുനിന്ന് ഇനിയേസ്റ്റ പിന്നിലേക്ക് മറിച്ച പന്ത് അടിച്ചകറ്റാൻ ശ്രമിച്ച കുർസാവോയ്ക്ക് പിഴച്ചു. പന്ത് സ്വന്തം വലയിൽ.
രണ്ടു ഗോൾ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച ബാഴ്സ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മൂന്നാം ഗോളും കുറിച്ചു. നെയ്മറെ ബോക്സിൽ മറിച്ചതിന് ലഭിച്ച പെനാൽറ്റി മെസി കൃത്യമായി വലയിൽ നിക്ഷേപിച്ചു. കളി ബാഴ്സയുടെ പിടിയിലമരുമെന്നു തോന്നിച്ച ഘട്ടത്തിൽ കവാനിയിലൂടെ പിഎസ്ജി തിരിച്ചടിച്ചു. 62-ാം മിനിറ്റിലായിരുന്നു കവാനിയുടെ ഗോൾ.
ഇതോടെ രണ്ടു പാദങ്ങളിലുമായി പിഎസ്ജി 5-3 ന് മുന്നിൽ. എന്നാൽ ബാഴ്സയ്ക്കു തോൽക്കാനാവില്ലായിരുന്നു. അവസാന മിനിറ്റുകളിൽ മരണപ്പോരാട്ടം നടത്തിയ ബാഴ്സയക്ക് അനുകൂലമായി 88-ാം മിനിറ്റിൽ ഫ്രീകിക്ക്. ഇടതുമൂലയിൽനിന്ന് നെയ്മറെടുത്ത കിക്ക് പോസ്റ്റിന്റെ ഇടതുമോന്തായത്തിൽ ഇടിച്ചുകയറി.
കളി ഇഞ്ചുറി ടൈമിലേക്ക് കടന്നതും നെയ്മർ വീണ്ടും അവതരിച്ചു. സുവാരസിനെ പിഎസ്ജി ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി നെയ്മർ ഗോളാക്കിമാറ്റുകയായിരുന്നു. എന്നാൽ ഇതുവരെയുള്ള കളികളെയെല്ലാം അപ്രസക്തമാക്കി പകരക്കാരനായെത്തിയ സെർജി റൊബേർട്ടോയ്ക്കായിരുന്നു വിജയഗോൾ നേടാനുള്ള നിയോഗം.
അവസാന വിസിലിന് തൊട്ടുമുന്‍പായിരുന്നു സെർജിയോയുടെ ഗോൾ. രണ്ടു പാദത്തിലുമായി 6-5 ന്റെ തകർപ്പൻ ജയവുമായി ബാഴ്സ ചാന്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. 17 വർഷത്തിനിടെ ഇത് ആദ്യമായാണ് പിഎസ്ജി അഞ്ചു ഗോളിൽ കൂടുതൽ വഴങ്ങുന്നത്.