പാലക്കാട്: രണ്ടു പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെടുകയും ദുരൂഹസാചര്യത്തിൽ മരിക്കുകയും ചെയ്തതിന്റെ ഞെട്ടൽ മാറും മുന്‍പേ വാളയാറിൽ വീണ്ടും ബലാത്സംഗവും മരണവും. വിഷംകഴിച്ചു അവശനിലയിലായ ഇരുപതുകാരിയാണ് മരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുള്ളതായി സൂചിപ്പിക്കുന്നു.
സംഭവത്തിൽ അയൽവാസിയായ യുവാവിനെ വാളയാർ പോലീസ് അറസ്റ്റുചെയ്തു. ഇയാൾ റിമാൻഡിലാണ്. കഴിഞ്ഞയാഴ്ചയാണ് സംഭവം. ചുള്ളിമടശിവജിനഗർ സ്വദേശിനിയായ ഇരുപതുകാരിയെയാണ് വീടിനകത്തു വിഷം കഴിച്ചു അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവച്ച് പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. അയൽവാസിയായ രതീഷ് (24) ആരുമില്ലാത്തസമയം വീട്ടിൽ കയറിവന്ന് വായപൊത്തിപ്പിടിച്ചുവെന്നാണ് മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി തിങ്കളാഴ്ച മരിക്കുകയും ചെയ്തു.
ഈസമയം യുവാവിന്റെ വീടും ചിലർ അക്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം യുവാവിനെ കഴിഞ്ഞദിവസം തന്നെ പോലീസ് ആത്മഹത്യാപ്രേരണകുറ്റംചുമത്തി അറസ്റ്റുചെയ്തിരുന്നു. ഇതിനിടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി സൂചനകളുള്ളത്. യുവാവ് റിമാൻഡിലാണ്.