ചേർത്തല: ചേർത്തല ശാവശേരി ശ്രീനാരായണഗുരുപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആറാട്ടിനിടെ ഇടഞ്ഞ ആനയെ മയക്കുവെടിവച്ച് തളച്ചു. കഴിഞ്ഞദിവസം രാത്രി പത്തോടെയായിരുന്നു തൊടുപുഴ സ്വദേശിയുടെ വേലായുധൻ എന്ന ആന ഇടഞ്ഞത്. ക്ഷേത്രത്തിനു വടക്കുവശത്തെ, ചാലാംപറമ്പ് കുടുംബവക കുളത്തിൽ ആറാട്ട് കഴിഞ്ഞ് തിടമ്പ് ഏറ്റുന്നതിനിടെയാണ് ആന ഇടഞ്ഞത്.
മുകളിൽ ഇരുന്നയാളെ ആന കുടഞ്ഞ് താഴെയിട്ടു. തുടർന്ന് പാപ്പാനെ കുത്താൻ ശമിച്ചെങ്കിലും അയാൾ ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു. അതിനിടെ ആന ആറാട്ട് പന്തൽ പൊളിച്ചു.ഇതോടെ വൈദ്യുതി വിതരണം നിലച്ചതിനാൽ പ്രദേശമാകെ ഇരുട്ടിലായി. ഇതിനിടെ ആന ചാലാംപറമ്പിൽ അജിത്കുമാറിന്റെ വീട്ടുവളപ്പിലേക്ക് കയറി. വീട്ടുവളപ്പിലെ രണ്ട് തെങ്ങുകൾ അടക്കം അഞ്ച് വൃക്ഷങ്ങളും ഏതാനും വാഴകളും നശിപ്പിച്ചു.
വീടിന്റെ തെക്കുഭാഗത്തെ മേൽകൂരയിൽ നിരത്തിയിരുന്ന ഓടുകളും ഭാഗികമായി നശിപ്പിച്ചു. വീട്ടുമുറ്റത്തെ കുറച്ച് തറയോടുകൾക്കും കേടുപാടുകൾ വരുത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാപ്പാൻമാർ ചേർന്ന് കാലുകളിൽ ചങ്ങലയിട്ടെങ്കിലും ആനയെ പൂർണമായും തളയ്ക്കാനായില്ല. ഇന്നലെ പുലർച്ചെ മൂന്നോടെ എലിഫെന്റ് സ്ക്വാഡിലെ ഡോ. ഗിരീഷ് മയക്കുവെടിവച്ചാണ് ആനയെ തളച്ചത്.