കിഴക്കമ്പലം: കിഴക്കമ്പലം മലയിടം തുരുത്തിൽ വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രതികൾ പെരുന്പാവൂരിൽ മോഷണം നടത്തിയവർ തന്നെയെന്നു പോലീസ്. കിഴക്കമ്പലത്ത് മോഷം നടന്നതിനു സമീപത്തായുള്ള കമ്പനിയിലെ സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിൽ നിന്നാണ് പെരുമ്പാവൂർ മേഖലയിൽ മോഷണം നടത്തിയവർ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്.
കാമറയിൽ പതിഞ്ഞ പ്രതികളെ വീട്ടമ്മയും തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്നാട് സ്വദേശികളായ മുരുകൻ, അറുമുഖൻ എന്നിവരാണ് കൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. വിരലടയാള വിദഗ്ധരും ഫൊറൻസിക് വിഭാഗവും നടത്തിയ പരിശോധനയിൽ പെരുമ്പാവൂരിലും കിഴക്കമ്പലത്തും മോഷണം നടത്തിയത് ഒരേ പ്രതികൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.
പ്രതികളുടെ മോഷണ ശൈലിയും വേഷവിധാനവും തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിലുള്ള മോഷ്ടാക്കളുടെ മോഷണ രീതിയുമായി സാമ്യമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ രണ്ടിനാണ് കിഴക്കമ്പലം മലയിടം തുരുത്തിൽ ചുള്ളിയാട്ട് വത്സ (ഏലിയാമ്മ 64) യെ ആക്രമിച്ച് സ്വർണവും പണവും കവർന്നത്.
ഇന്നലെ കിഴക്കമ്പലത്ത് മോഷണം നടത്തി മടങ്ങിയ ഇവർ പെരുമ്പാവൂർ ഭാഗത്തേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കുന്നത്തുന്നാട് സി.ഐ ജെ.കുര്യാക്കോസിന്റെ നേതൃത്വത്തിലും പെരുമ്പാവൂർ അല്ലപ്ര എസ്ഐയുടെ നേതൃത്വത്തിലുമുള്ള പോലീസ് സംഘം ഇന്നലെ മുതൽ ഇന്ന് പുലർച്ചെ 3 മണി വരെ പ്രതികളെന്നു കരുതുന്ന മുരുകന്റെയും അറുമുഖന്റെയും പിന്നാലെയുണ്ടായിരുന്നു. ഇന്ന് പുലർച്ചെ അല്ല പ്രയിലെ ഒരു വീട്ടിൽ കയറി മോഷണം നടത്തി പ്രതികൾ ഓടി മറയുകയായിരുന്നു. മണിക്കൂറുകളോളം ഇരുവരെയും പോലീസ് സംഘം പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചിട്ടില്ല.