കോതമംഗലം:കരിമ്പാനി വനത്തിൽ കാട്ടുപോത്തിനെ വേട്ടയാടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കുറുപ്പംപടി കൊമ്പനാട് അരീക്കൽ പാങ്ങോട്ടിൽ പി.കെ.വർഗീസ്(76)ആണ് അറസ്റ്റിലായത്. ഇന്നലെ കൊമ്പനാടിലുള്ള ഇയാളുടെ ഹാർഡ്വെയർ കടയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കരിമ്പാനി വനത്തിലെ മൂഞ്ഞ ഭാഗത്ത് കഴിഞ്ഞ ഡിസംബറിലാണ് പ്രതികൾ നായാട്ട് നടത്തിയത്.
നായാട്ട് സംഘത്തിന് തോക്കും വെടിമരുന്നും പണവും മറ്റ് സഹായം നൽകിയിരുന്നത് വർഗീസാണെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലേയ്ക്കും വിദേശത്തുള്ള മക്കൾക്ക് എത്തിച്ചു കൊടുക്കാനുമാണ് വെടിയിറച്ചി ശേഖരിയ്ക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിദേശികളടക്കം വൻകിടക്കാർക്ക് പ്രതിയുടെ റിസോർട്ടിൽനിന്ന് വെടിയിറച്ചി സുലഭമായി ലഭിക്കാറുണ്ടെന്ന് പരിശോധനയിൽ അന്വേഷണ സംഘത്തിനു ബോധ്യമായി. വർഷങ്ങളായി ഇയാൾ നായാട്ട് സംഘവുമായി അടുപ്പവും വെടിയിറച്ചി വ്യാപാരവും നടത്തുന്നുണ്ട്.
പ്രതിയുടെ കൈവശം ലൈസൻസുള്ള രണ്ട് നാടൻതോക്കുകൾ ഉണ്ട്. 2015ൽ ആനവേട്ട കേസ് വിവാദമായതോടെ പ്രതി കരിമരുന്ന് തോക്ക് പോലീസിൽ ഹാജരാക്കി. പിന്നീട് ലൈസൻസുള്ള തോട്ടതോക്കിന്റെ മറവിൽ മറ്റൊരു തോട്ട തോക്കും പ്രതി കൈവശമുണ്ട്. ഈ രണ്ട് തോക്കും നായാട്ട് സംഘങ്ങൾക്ക് കൊടുത്തുവിടാറുള്ളതായും പറയപ്പെടുന്നു. കാട്ടുപോത്തിന്റെ ഉണക്ക ഇറച്ചിക്ക് വിപണിയിൽ കിലോയ്ക്ക് 2500 രൂപയാണ് വില. കരിന്പാനി വനത്തിൽ പിടിച്ച കാട്ടുപോത്തിന്റെ 75 കിലോ ഉണക്ക ഇറച്ചി ലഭിച്ചിരുന്നു.
ഇറച്ചിയുടെ ഭൂരിഭാഗവും വർഗീസ് തന്നെ കൈക്കലാക്കിയതാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പ്രതിയെ ഇന്ന് കുറുപ്പംപടി കോടതിയിൽ ഹാജരാക്കും. കേസിലെ കൂട്ടുപ്രതികളിലൊരാളായ ചെങ്കര കോമയിൽ പോൾ (56) കഴിഞ്ഞ ആഴ്ച കുറുപ്പംപടി കോടതിയിൽ കീഴടങ്ങിയിരുന്നു.