വാളയാര്‍ അട്ടപ്പള്ളത്തു പതിമൂന്നും ഒമ്പതും വയസുള്ള സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു. അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി മധു (27), ഇടുക്കി രാജാക്കാട് സ്വദേശി ഷിബു (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മധു കുട്ടികളുടെ അമ്മയുടെ ചെറിയച്ഛന്റെ മകനാണ്. ഷിബു നേരത്തേ ഇവരുടെ വീട്ടില്‍ താമസിച്ചിരുന്നു. കുട്ടികളുടെ അച്ഛന്റെ സുഹൃത്താണിയാള്‍. കോടതിയില്‍ ഹാജരാക്കിയ ഇവരെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
അതേസമയം, ആദ്യം ആത്മഹത്യ ചെയ്ത ഹൃത്വികയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസും മാതാപിതാക്കളും വന്‍ അലംഭാവമാണ് കാണിച്ചതെന്ന് വ്യക്തമായി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മധുവിനെ സമീപത്തെ സ്ത്രീയുടെ മൊഴിയില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഭരണകക്ഷിയിലെ ജില്ലാ നേതാവിന്റെ വിളിയില്‍ ഇയാളെ വിട്ടയച്ചു. മൂത്തകുട്ടി മരിച്ച ജനുവരി 13 ന് മധു ഇവരുടെ വീട്ടില്‍ വന്നുപോയിരുന്നതായി സമീപവാസിയായ ഒരു സ്ത്രീയാണ് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മധുവിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച വാളയാര്‍ പോലീസ്, ഇയാള്‍ വെള്ളം കുടിക്കാന്‍ എത്തിയതാണെന്ന് പറഞ്ഞു വിട്ടയയ്ക്കുകയാണുണ്ടായത്. ആദ്യ കുട്ടി മരിച്ചശേഷവും മധു ഇവരുടെ വീട്ടില്‍ നിത്യസന്ദര്ശനകനായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമമായ പോക്സോ, ആത്മഹത്യാ പ്രേരണ, ബലാല്‍സംഗം, പട്ടികജാതിക്കാര്‍ക്ക് എതിരായ അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകളാണ് അറസ്റ്റിലായവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ രണ്ടുകുട്ടികളെയും മധു ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. മൂത്തകുട്ടിയെ പീഡിപ്പിച്ചതുമായ ബന്ധപ്പെട്ടാണ് ഷിബുവിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇടുക്കി സ്വദേശിയായ ഷിബു എട്ടുവര്‍ഷത്തോളമായി ഇവരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ അച്ഛന് ഷാജിയുടെ കൂട്ടുകാരനായാണ് ഇവിടെയെത്തിയത്. ഷാജിക്കും ഭാഗ്യവതിക്കുമൊപ്പമാണ് ഇയാളും കോണ്‍ക്രീറ്റ് പണിക്കു പോയികൊണ്ടിരുന്നത്. ഭാഗ്യവതിയുടെ ബന്ധുവും സമീപത്തു താമസിക്കുന്ന ചേര്‍ത്തല സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും പോലീസ് കസ്റ്റഡിയിലുള്ളതായാണ് വിവരം.