തിരുവനന്തപുരം: ശിവസേനയുടെ സദാചാരഗുണ്ടാ അക്രമത്തെപ്പറ്റിയുള്ള ചർച്ചയ്ക്കിടെ മുഖ്യമന്ത്രി നടത്തിയ പരാമർശം നിയമസഭാ രേഖകളിൽനിന്നു നീക്കാത്ത സ്പീക്കർ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കേണ്ടയാളാണ് സ്പീക്കർ.
നിർഭാഗ്യവശാൽ ഇക്കാര്യത്തിൽ അദ്ദേഹത്തിൽനിന്ന് അതുണ്ടായില്ലെന്നും നിയമസഭയ്ക്കു പുറത്ത് മാധ്യമങ്ങളെ കണ്ട ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ ദിവസം താൻ നടത്തിയ പരാമർശം ആരും ആവശ്യപ്പെടാതെ തന്നെ രേഖകളിൽനിന്ന് നീക്കിയ സ്പീക്കർ, പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ പരാമർശം നീക്കാൻ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷത്തിനു നേരെ അടിസ്ഥാനരഹിതമായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. അതിനാലാണ് സഭ ബഹിഷ്കരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.വർഗീയ പാർട്ടികളെ നേരിടാൻ ശക്തിയുള്ള മുന്നണിയാണ് യുഡിഎഫ്. ആർഎസ്എസിനോടും ബിജെപിയോടും പോരാടുന്നതിന് തങ്ങൾക്ക് പിണറായിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.