72ാം വയസില്‍ ആദ്യത്തെ കുട്ടിയ്ക്ക് ജന്മം നല്‍കിയതിന്റെ സന്തോഷത്തിന് നടുവില്‍ നില്‍ക്കുമ്പോഴും ദര്‍ജിന്തര്‍ കൗര്‍ തുറന്നുപറയുന്നു, ഇതല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം തന്റെ ആരോഗ്യം ഇപ്പോള്‍ ഒരമ്മയ്ക്ക് പറ്റിയതല്ല. എങ്കില്‍പോലും ഒരു പശ്ചാത്താപമോ ആശങ്കയോ കുട്ടിയെ വളര്‍ത്തുന്ന കാര്യത്തില്‍ തോന്നുന്നില്ലെന്നും ദര്‍ജിന്തര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പത്തൊമ്പതിനാണ് പഞ്ചാബിലെ അമൃത്‌സര്‍ സ്വദേശിനിയായ 73കാരി ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍(ഐവിഎഫ്) ചികിത്സയ്‌ക്കൊടുവില്‍ തന്റെ കടിഞ്ഞൂല്‍ പുത്രന് ജന്മം നല്‍കിയത.് വിദേശ മാധ്യമങ്ങളില്‍പ്പോലും അത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ആ കുട്ടിയ്ക്ക് ഒരു വയസാവുന്നു. ഈയവസരത്തിലാണ് മാതാപിതാക്കള്‍ എന്ന നിലയിലുള്ള തങ്ങളുടെ അനുഭവങ്ങള്‍ ഇരുവരും ചേര്‍ന്ന് പങ്കുവയ്ക്കുന്നത്.
സന്ധികളുടെ ബലക്ഷയവും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും ദര്‍ജിന്തറിനെ ഏറെ വിഷമിപ്പിച്ചു. കുഞ്ഞ് ജനിച്ചതിനുശേഷം പ്രത്യേകിച്ച്. നിരവധി ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും എന്തെങ്കിലും മരുന്ന് നല്‍കി എല്ലാവരും ഒഴിവാക്കുകയായിരുന്നു. കുഞ്ഞിനെ വളര്‍ത്തുക എന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടുള്ള കാര്യമാണ്. കുഞ്ഞിന് നിലത്തിഴയുന്ന പ്രായമായതിനാല്‍ കൂടുതല്‍ ശ്രദ്ധയാവശ്യവുമാണ്. എന്റെ ആരോഗ്യത്തോടൊപ്പം കുഞ്ഞിന്റെ ആരോഗ്യവും സൂക്ഷിക്കണം. ദര്‍ജിന്തര്‍ പറയുന്നു. കുഞ്ഞ് ജനിച്ചിട്ട് ഇപ്പോള്‍ 11 മാസം പിന്നിടുന്നു. അര്‍മാന്‍ എന്ന ആ ആണ്‍കുഞ്ഞ് നീന്തിത്തുടങ്ങി. കുഞ്ഞുങ്ങളില്ലാതിരുന്ന വീട്ടിലേക്കു സന്തോഷത്തിന്റെ പൂത്തിരിയുമായി അര്‍മാന്‍ എത്തിയിട്ടും കഴിഞ്ഞ കുറച്ചു നാളുകളായി ചില വിഷമങ്ങള്‍ ഇവരെ അലട്ടുന്നുണ്ട്.
വിവാഹശേഷം 46 വര്‍ഷം കാത്തിരുന്നിട്ടും മക്കളില്ലാത്തതിന്റെ ദുഃഖവും അവഗണനയും സഹിച്ച് ചെയ്യാവുന്ന ചികിത്സകളൊക്കെ അവര്‍ ചെയ്തു. അങ്ങനെയാണ് ഐവിഎഫ് ചികിത്സയ്ക്കു വിധേയരാകാന്‍ ഇരുവരും തീരുമാനിച്ചത്. ഹരിയാനയിലെ ഐവിഎഫ് ചികിത്സാ കേന്ദ്രത്തില്‍ രണ്ടു വര്‍ഷത്തോളം നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് അര്‍മാന്‍ ജനിക്കുന്നത്. ജനിച്ച സമയത്ത് തീരെ ഭാരം കുറവായിരുന്നെങ്കിലും ഇപ്പോള്‍ കുട്ടിയ്ക്ക് ഏഴു കിലോയ്ക്കടുത്തു ഭാരമുണ്ട്. പക്ഷേ ഒരുവയസുള്ള കുഞ്ഞിന് ഇത്രയും ഭാരം പോല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുലയൂട്ടല്‍ ശരിയായ രീതിയില്‍ നടക്കാതിരുന്നതാണ് ഇതിന് കാരണം. മൂന്നു മാസം വരെയേ ദല്‍ജിന്ദറിന് അര്‍മാനെ മുലയൂട്ടാന്‍ കഴിഞ്ഞുള്ളൂ. പ്രായാധിക്യം കാരണം മുലപ്പാല്‍ വേണ്ടത്ര ഉത്പാദിപ്പിക്കാന്‍ ശരീരത്തിനു കഴിയാതെവന്നു.
ഇതു കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കുമോയെന്ന ആശങ്കയെത്തുടര്‍ന്നു ഡോക്ടറെ സമീപിച്ചെങ്കിലും കുട്ടിക്കു മരുന്നൊന്നും കൊടുക്കേണ്ടെന്നും, ഭാരം തനിയേ കൂടുമെന്നുമായിരുന്നു ഉപദേശം. ഈ പ്രായത്തില്‍ മാതൃത്വം വലിയ ബുദ്ധിമുട്ടാണെന്ന് ദര്‍ജിന്തര്‍ തുറന്നു സമ്മതിക്കുന്നു. അവന്‍ ഉറങ്ങാതെ എനിക്ക് ഒന്നു വിശ്രമിക്കാന്‍ കഴിയില്ല. ഭര്‍ത്താവും ശാരീരികമായി ഏറെ തളര്‍ന്നിരിക്കുന്നു. ഇതൊക്കെയാണെങ്കിലും ഞങ്ങളുടെ മകനെ കരുതലോടെ വളര്‍ത്താമെന്ന ധൈര്യം ഞങ്ങള്‍ക്കുണ്ട്. അവന്‍ എന്റെ കൈയില്‍ത്തൂങ്ങി നീന്തുമ്പോള്‍ വലിയ വേദന തോന്നും. ഞാന്‍ കരുതിയതിനേക്കാളേറെ ശാരീരിക പ്രശ്‌നങ്ങളായിത്തുടങ്ങിയിട്ടുണ്ട് എനിക്ക്. എങ്കിലും ഞങ്ങളെ നോക്കി അവന്‍ ചിരിക്കുമ്പോള്‍ എല്ലാ ശാരീരിക അസ്വസ്ഥതകളും മറക്കും. ഞങ്ങള്‍ എപ്പോഴും അവനൊപ്പം തന്നെയുണ്ട്. ഞാന്‍ പാചകത്തിലോ മറ്റോ ആണെങ്കില്‍ അവന്‍ അച്ഛന്റെ കൈക്കുള്ളിലായിരിക്കും. അവനെ വളര്‍ത്താനുള്ള ശാരീരിക ക്ഷമത അവനെ തങ്ങള്‍ക്ക് സമ്മനിച്ചയാള്‍ തന്നെ തരുമെന്ന വിശ്വാസത്തിലാണ് ഈ ദമ്പതികള്‍. ഇതുമാത്രമാണ് അവരുടെ പ്രാര്‍ത്ഥനയും.