കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ രാജിവച്ചു; ആരോഗ്യകരമായ കാരണങ്ങളാണ് രാജിക്ക് പിന്നിൽ; തന്‍റെ പ്രവര്‍ത്തനകാലത്ത് ഒപ്പം നിന്ന എല്ലാവർക്കും നന്ദി

SUDHEERANതിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇന്ന് തന്നെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കുമെന്നും സുധീരന്‍ അറിയിച്ചു.

തീര്‍ത്തും അപ്രതീക്ഷിതമായാണ് അദ്ദേഹം തലസ്ഥാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് രാജിയറിയിച്ചത്. തന്റെ രാജിക്ക് രാഷ്ട്രീയകാരണങ്ങള്‍ ഒന്നും തന്നെയില്ലെന്നും സ്ഥാനത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഒഴിയുക എന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ തനിക്ക് അധ്യക്ഷ പദവിയില്‍ നിന്നും അവധിയെടുത്ത് മാറിനില്‍ക്കാം. പക്ഷേ, അതു ശരിയായ നടപടിയായി തോന്നാത്തതുകൊണ്ടാണ് രാജിയെന്നും അദ്ദേഹം വിശദീകരിച്ചു.

രാജിക്കാര്യം താന്‍ ആരുമായും ആലോചിച്ചിട്ടില്ല. ആലോചിച്ചാല്‍ ഒരുപാട് തടസങ്ങളുണ്ടാകുമെന്ന് അറിയാവുന്നതുകൊണ്ട് ഇതിനുള്ള സ്വാതന്ത്ര്യം താന്‍ സ്വീകരിക്കുകയായിരുന്നു. തന്‍റെ പ്രവര്‍ത്തനകാലത്ത് ഒപ്പം നിന്ന എല്ലാ നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദി അറിയിക്കുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Related posts