ആലുവ: കൊച്ചിയിൽ സിനിമാനടിയെ ആക്രമിച്ച കേസിൽ ശക്തമായ തെളിവുകളുടെ അഭാവത്താൽ കുറ്റപത്രം തയാറാക്കാൻ വൈകുന്നതിനാൽ ഏഴാം പ്രതി ചാർളിയെ മാപ്പുസാക്ഷിയാക്കാൻ നീക്കം നടക്കുന്നതായി സൂചന. കൃത്യം നടത്തിയശേഷം ഒളിവിൽപോയ പ്രധാന പ്രതികളായ പൾസർ സുനി, വിജേഷ് എന്നിവർക്ക് കോയന്പത്തൂരിൽ ഒളിത്താവളമൊരുക്കിയതിനാണ് കണ്ണൂർ ഇരിട്ടി സ്വദേശി ചാർളി തോമസിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോയന്പത്തൂരിൽ നിന്നും പ്രതികൾക്ക് കേരളത്തിലേക്ക് കടക്കാൻ ബൈക്ക് സംഘടിപ്പിച്ചുകൊടുത്തതും ഇയാൾ തന്നെയായിരുന്നുവെന്ന് കണ്ടെത്തിയെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലിൽ പ്രതികൾ ബൈക്ക് മോഷ്ടിച്ചു കടന്നുകളഞ്ഞതായി സ്ഥിരീകരിക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിക്കാനുതകുന്ന വ്യക്തമായ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ചാർളിയെ മാപ്പുസാക്ഷിയാക്കി കേസിന് ബലം നൽകാൻ അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്.
കസ്റ്റഡിയിലായതിനുശേഷം ചാർളി അന്വേഷണ സംഘത്തോട് പൂർണമായും സഹകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇയാളുടെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതിയിൽ വന്നപ്പോൾ കൂടുതൽ എതിർപ്പ് പോലീസ് പ്രകടിപ്പിക്കാതിരുന്നത്. നടിയെ ഉപദ്രവിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കണ്ടെടുക്കുന്നതിലും സംഭവത്തിനു പിന്നിലെ ഗുഢാലോചന തെളിയിക്കുന്നതിലും പോലീസിന് കാലതാമസം നേരിട്ടതിനെ തുടർന്നാണ് കൂട്ടുപ്രതിയുടെ നിർണായക മൊഴികളെ പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഉന്നയിക്കാൻ ആലോചിക്കുന്നത്. ജാമ്യം നേടിയ ചാർളി ബുധനാഴ്ച വൈകിട്ടോടെ ആലുവ സബ് ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു.
അതേസമയം, വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ചാർളിക്ക് കോടതി ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നതുവരെ എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഒപ്പുവയ്ക്കണമെന്നും എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധികളോടെ കോടതി ഇയാൾക്ക് ജാമ്യം നൽകുകയായിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ചാർളി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി. എന്നാൽ, പ്രതികളിൽ ഒരാളായ വിജേഷുമായുള്ള അടുപ്പത്തിന്റെ പേരിൽ വിജേഷിനും സുനിക്കും മണികണ്ഠനും ഒരു ദിവസം താമസിക്കാൻ സൗകര്യം നൽകുകയായിരുന്നെന്ന് ചാർളിയുടെ അഭിഭാഷകൻ വെളിപ്പെടുത്തി.കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്ത ചാർളിയെ നിരപരാധിത്വം തുറന്നു പറയിപ്പിച്ച് കേസിൽ മാപ്പുസാക്ഷിയാക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചുള്ള നിയമവശങ്ങൾ പരിശോധിച്ചു വരികയാണ്.
നേരത്തെ കേസിലെ മറ്റൊരു പ്രതിയായ മണികണ്ഠനെയും ഇത്തരത്തിൽ മാപ്പുസാക്ഷിയാക്കുന്ന കാര്യം ആലോചിച്ചിരുന്നതാണ്. എന്നാൽ, കൃത്യത്തിൽ ഇയാൾ നേരിട്ട് പങ്കെടുത്തതായി തെളിവുകൾ ലഭിക്കുകയായിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് പ്രതികളായ സുനി, വിജേഷ് എന്നിവരെ കോടതിയിൽ ഹാജരാകും. മറ്റു പ്രതികൾ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്.