ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എ.ബി.ഡിവില്ല്യേഴ്സ്. ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ പിന്തള്ളിയാണ് ഡിവില്ല്യേഴ്സിന്റെ നേട്ടം. ന്യൂസിലൻഡിനെതിരായ പരന്പരയിലെ മികച്ച പ്രകടനമാണ് ഡിവില്ല്യേഴ്സിനെ വീണ്ടും ഒന്നാമതെത്തിച്ചത്.
പരന്പരയിലാകെ 262 റണ്‍സാണ് ഡിവില്ല്യേഴ്സ് അടിച്ചുകൂട്ടിയത്. രണ്ടു മാസത്തിനുശേഷമാണ് ഡിവില്ല്യേഴ്സ് ഒന്നാം റാങ്കിൽ എത്തുന്നത്.875 പോയിന്റുള്ള ഡിവില്ല്യേഴ്സിനു നാലു പോയിന്റ് പിന്നിലാണ് വാർണർ. 23 പോയിന്റ് പിന്നിലുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് മൂന്നാം റാങ്കിൽ. പുതിയ റാങ്കിംഗിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, അലക്സ് ഹെയ്ൽസ് എന്നിവരും കരിയർ ബെസ്റ്റ് റാങ്കിലാണ്.
ബൗളർമാരുടെ റാങ്കിംഗിൽ ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറാണ് ഒന്നാം റാങ്കിൽ. സഹതാരം കാസിഗോ റബാദയും ആദ്യ അഞ്ചിൽ ഇടംപിടിച്ചിട്ടുണ്ട്.