ന്യൂഡൽഹി: ട്വന്റി 20 ക്രിക്കറ്റിലെ വിജയപരന്പര തുടർന്ന് അഫ്ഗാനിസ്ഥാൻ തുടർച്ചയായ പത്തു ജയങ്ങളോടെയാണ് അഫ്ഗാൻ ടീം റിക്കാർഡ് ബുക്കിൽ സ്ഥാനം ഉറപ്പിക്കുന്നത്. അയർലണ്ടിനെതിരേ ഗ്രേറ്റർ നോയിഡയിൽ നടന്ന മത്സരത്തിൽ നേടിയ തകർപ്പൻ വിജയമാണ് വിജയപരന്പര തുടരാൻ അഫ്ഗാനെ തുണച്ചത്.
ആദ്യം ബാറ്റുചെയ്ത അഫ്ഗാൻ ടീം ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന അയർലണ്ട് 11 ഓവറിൽ 93/9 എന്ന നിലയിൽ ബാറ്റുചെയ്യവെ മഴയെത്തി. ഇതോടെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. രണ്ട് ഓവറിൽ മൂന്നു റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്റെ പ്രകടനമാണ് അയർലണ്ടിനെ തകർത്തത്.
തുടർച്ചയായ എട്ടു ജയങ്ങൾ സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീമിന്റെ പേരിലായിരുന്നു മുന്‍പു റിക്കാർഡ്. 2010-11 കാലഘട്ടത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ നേട്ടം. എട്ടു ജയങ്ങളുമായി അയർലണ്ടും ഇംഗ്ലണ്ടിനൊപ്പമുണ്ട്.
കഴിഞ്ഞ വർഷം മാർച്ചിൽ വെസ്റ്റ്ഇൻഡീസിനെതിരായ വിജയത്തോടെയാണ് അഫ്ഗാന്റെ വിജയപരന്പര ആരംഭിക്കുന്നത്. ഇതിനുശേഷം യുഎഇ, അയർലണ്ട്, ഒമാൻ തുടങ്ങിയ ടീമുകൾക്കെതിരേയും അഫ്ഗാൻ ടീം വിജയം കണ്ടെത്തി.