തന്ത്രങ്ങള്‍ ഫലിച്ചു! യുപിയില്‍ ചരിത്രവിജയം സ്വന്തമാക്കാന്‍ ബിജെപിയെ സഹായിച്ച ഘടകങ്ങള്‍ ഇവയാണ്‌…

BJP600ഉത്തര്‍പ്രദേശില്‍ പ്രവചനങ്ങളെപ്പോലും അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കാന്‍ ബിജെപിയെ തുണച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെയും തന്ത്രങ്ങളാണ്. സാക്ഷാല്‍ അടല്‍ ബിഹാരി വാജ്‌പേയി വിചാരിച്ചിട്ട് നടക്കാഞ്ഞ കാര്യമാണ് മോദിയും അമിത് ഷായും പുഷ്പം പോലെ സാധിച്ചെടുത്തത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മോദി വാരണാസിയില്‍ മാത്രം 22 മണിക്കൂറാണ് ചെലവഴിച്ചത്. ആറു ഘട്ടത്തിലായി 18 റാലികളില്‍ പങ്കെടുക്കുകയും ചെയ്തു. മൊത്തത്തില്‍ 40 മണിക്കൂറാണ് യുപിയ്ക്കായി മാത്രം മാറ്റിവച്ചത്.

നോട്ടു നിരോധനം എന്ന ഇരുതലമൂര്‍ച്ചയുള്ള വാളുപയോഗിച്ചായിരുന്നു ബിജെപിയുടെ പ്രചരണം. മറ്റു പാര്‍ട്ടികള്‍ നോട്ടുനിരോധനത്തെത്തുടര്‍ന്നുണ്ടായി ബുദ്ധിമുട്ടുകള്‍ പ്രധാന പ്രചരണായുധമാക്കിയപ്പോള്‍. കള്ളപ്പണത്തിനെതിരായ പോരാട്ടം എന്ന നിലയിലായിരുന്നു ബിജെപി നോട്ടു നിരോധനത്തെ ന്യായീകരിച്ചത്. ഈ വിധത്തിലുള്ള മോദിയുടെയും അമിത്ഷായുടെയും പ്രചാരണങ്ങള്‍ക്ക് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞതും ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായി. കള്ളപ്പണത്തിനെതിരെ ശക്തമായി പോരാടുമെന്ന മോദിയുടെ വാക്കുകള്‍ ജനങ്ങളെ സ്വാധീനിച്ചുവെന്നും പറയാം. സാധാരണക്കാരുടെ ഭാഷയില്‍ സംസാരിച്ച് അവരെ കൈയ്യിലെടുത്ത മോദിയുടെ വാക്ചാതുരിയും ബിജെപിയ്ക്കു രക്ഷയായി.

ആദ്യഘട്ടത്തില്‍ മീററ്റിലും അലിഗഡിലും ഗാസിയാബാദിലും നടന്ന റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ഇവിടുത്തെ 73 നിയമസഭാ മണ്ഡലങ്ങളിലും മോദി പറന്നെത്തി. രണ്ടാംഘട്ടത്തില്‍ 67 മണ്ഡലങ്ങളിലും മൂന്നാംഘട്ടത്തില്‍ 69 മണ്ഡലങ്ങളിലും മോദി പ്രചാരണം നടത്തി. നാലാം ഘട്ടത്തില്‍ 53 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍ 51 മണ്ഡലങ്ങളിലും ആറാം ഘട്ടത്തില്‍ 49 മണ്ഡലങ്ങളിലും മോദി പ്രചരണത്തിനിറങ്ങി. അവസാനഘട്ടത്തില്‍ അഞ്ചു റാലികളിലാണ് മോദി പങ്കെടുത്തത്. ‘രണ്ട് ജനതാദര്‍ശന്‍’ പരിപാടിയിലും ഒരു റോഡ് ഷോയിലും പങ്കെടുത്തു. ഇതിനു പുറമേ പ്രദേശത്തെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തികളുമായി ചര്‍ച്ചകള്‍ നടത്താനും മോദി സമയം കണ്ടെത്തി.

ബിജെപിയ്‌ക്കെതിരേ സഖ്യം ചേര്‍ന്ന എസ്പി-കോണ്‍ഗ്രസ് സഖ്യം സ്വപ്‌നത്തില്‍ പോലും കാണാനാവാത്ത പരാജയമാണ് അവരെ തേടിയെത്തിയത്. ബിജെപി വിമുക്തഗവണ്‍മെന്റ് എന്ന ലക്ഷ്യത്തിനായി ബദ്ധ ശത്രുക്കളായ മായാവതിയുടെ ബിഎസ്പിയുമായി വരെ കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കിരുന്നു. എന്നാല്‍ ആ മോഹങ്ങളൊക്കെ മലര്‍പൊടിക്കാരന്റെ സ്വപ്‌നം പോലെ തകര്‍ന്നടിഞ്ഞു.

ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ ഒന്നിച്ചു നിര്‍ത്തുന്നതിലും മോദി വിജയിച്ചു. കല്‍രാജ് മിശ്ര, ഉമാ ഭാരതി, രാജ്‌നാഥ് സിംഗ് എന്നിവരെ ഒന്നിപ്പിച്ചു നിര്‍ത്തിയാണ് മോദി വിജയം പിടിച്ചെടുത്തത്. യാദവരെ ഒഴിച്ചുള്ള ഒബിസി വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ബിജെപി ഇത്തവണ സീറ്റു വിഭജനം നടത്തിയത്. ഹൈന്ദവ വോട്ടുകളെ ഏകീകരിക്കാനായതും മോദിയുടെ വിജയമാണ്. ഉത്തര്‍പ്രദേശില്‍ നേടിയ ചരിത്രവിജയം പാര്‍ട്ടിയില്‍ മോദിയെ കൂടുതല്‍ അനിഷേധ്യനാക്കുകയാണ്.

 

Related posts