കൊച്ചി: യുകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കു ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും ശിക്ഷ. നാലു വയസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച അയ്യന്പുഴ സ്വദേശി പ്രകാശനെ (52) ആണ് എറണാകുളം അഡീഷണൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി) കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്.
കുട്ടികൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ അടുത്തകാലത്തായി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒരുവിധ കാരുണ്യവും കാണിക്കാൻ കഴിയില്ലെന്നു നിരീക്ഷിച്ച കോടതി ജീവപര്യന്തം അഥവാ ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്ന നിർദേശത്തോടെ വിധി പ്രസ്താവിക്കുകയായിരുന്നു.
ഇതിനു പുറമെ പോക്സോ ആക്ടിലെ രണ്ട് വകുപ്പുകൾ പ്രകാരം ഏഴ് വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. 2015 ഏപ്രിൽ 28 നാണ് അമ്മ അടുത്തവീട്ടിൽ നോക്കാൻ ഏൽപിച്ചുപോയ നാലു വയസുകാരിയാണ് പീഡനത്തിന് ഇരയായത്.
അയ്യന്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കാലടി പോലീസാണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. പീഡനത്തിനിരയായ പെണ്കുട്ടി അടക്കം 13 സാക്ഷികളെ വിസ്തരിച്ചാണു പ്രതിയുടെ കുറ്റകൃത്യം പ്രോസിക്യൂഷൻ തെളിയിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ബി. സന്ധ്യാ റാണി ഹാജരായി.