‘ഓപ്പറേഷന്‍ കശുവണ്ടി’; നായയുടെ വയറ്റില്‍ കുടുങ്ങിയ കശുവണ്ടി വയറുകീറി പുറത്തെടുത്തു

dog600‘അണ്ടി പോയ അണ്ണാന്‍’ എന്നൊരു ചൊല്ല് മലയാളത്തില്‍ നേരത്തെ തന്നെ ഉണ്ട്. ഇഞ്ചി തിന്ന കുരങ്ങന്‍ എന്നൊരു മറ്റൊരു ചൊല്ലുമുണ്ട്. ഇതുപോലെയുള്ള ഏറ്റവും പുതിയ പ്രയോഗമാണ് ‘കശുവണ്ടി വിഴുങ്ങിയ നായ’ എന്നത്. ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് മൃഗാശുപത്രിയിലാണ് ഈ ചൊല്ലിനാസ്പദമായ സംഭവം നടന്നത്. എട്ടുമാസം പ്രായമുള്ള നായ കഴിഞ്ഞ നാലു ദിവസമായി ആഹാരം കഴിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് ഉടമസ്ഥ നായയെ മൃഗാശുപത്രിയിലെത്തിക്കുന്നത്. ഈ സമയങ്ങളില്‍ നായ ഛര്‍ദിക്കുകയും ചെയ്തു. മൃഗാശുപത്രിയില്‍ മൂന്നു ദിവസം മരുന്നും ഡ്രിപ്പും കൊടുത്തിട്ടും നായയുടെ അസുഖം കുറഞ്ഞില്ല. തുടര്‍ന്ന് നടത്തിയ എക്‌സ് റേ പരിശോധനയിലും ഒന്നും കാണാന്‍ കഴിഞ്ഞില്ല.

പിന്നീട് ഉടമസ്ഥയോടു ചോദിച്ചപ്പോഴാണ് നായയ്ക്ക് കശുവണ്ടി തിന്നുന്ന ശീലമുണ്ടെന്നു മനസിലായത്. തുടര്‍ന്ന് വീണ്ടും പരിശോധിച്ചപ്പോള്‍ കട്ടിയുള്ള എന്തോ വസ്തു വയറില്‍ കുടുങ്ങിയതായി കണ്ടെത്തി. ഒടുവില്‍ രണ്ടു മണിക്കൂര്‍ സമയമെടുത്ത് വയര്‍ കീറി തോടോടു കൂടിയ കശുവണ്ടി പുറത്തെടുക്കുകയായിരുന്നു. മൃഗാശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ഡോ. ദീപു ഫിലിപ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. നായ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.

Related posts