വീൽചെയറിൽ സദാസമയവും കഴിഞ്ഞിരുന്ന സുനിതയുടെ പഠനത്തിനു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ കോളജ് അധികൃതർ തയാറായിരുന്നില്ല. താൻ താലോചിച്ച സ്വപ്നങ്ങളിലേക്കു നടന്നെത്താൻ പറ്റാതെ ആ പെൺ മനസ് നൊന്പരപ്പെട്ടു. എന്നാൽ അവൾ തളർന്നില്ല, പഠിച്ചു. മതിയാവോളം. ഒരു കാലത്തു തന്റെ വഴിമുടക്കിയ വീൽചെയറുമായി തന്നെ അവൾ തന്റെ സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുത്തു. തളരാത്ത മനസുമായി വീൽചെയറിൽ ലോകം ചുറ്റുന്ന സുനിതയ്ക്ക് ഇപ്പോൾ വയസ് 42. അംഗപരിമിതർക്കു പൊതുസമൂഹത്തിൽ നേരിടുന്ന അവഗണനകൾക്കെതിരേ പോരാട്ടം നടത്തുകയാണ് സുനിത ഇപ്പോൾ.
“അവശരേക്കൂടി പരിഗണിക്കുന്നതാകണം വികസനം. ഞങ്ങളല്ല പരിമിതിയുള്ളവർ ഇവിടുത്തെ അടിസ്ഥാനസൗകര്യങ്ങൾക്കാണ് പരിമിതിയുള്ളത്’സുനിത പറയുന്നു. അംഗപരിമിതിയുളളവർക്കുകൂടി ഉപയോഗിക്കാവുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി നിരവധി പ്രചാരണ പരിപാടികൾ സുനിത സംഘടിപ്പിക്കുന്നുണ്ട്. താൻ അനുഭവിച്ച നൊന്പരങ്ങളും ദുരിതങ്ങളും മറ്റാരുടെയും നിറമുള്ള സ്വപ്നങ്ങൾ കെടുത്താതിരിക്കാൻ പോരാട്ടം തുടരുകയാണ് ഈ വീൽചെയർ പക്ഷി.