ന്യൂഡല്‍ഹി: രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ മറികടന്ന് അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷെഹ്സാദ്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ഷെഹ്സാദ് നാലാം സ്ഥാനത്തും കോഹ്ലി അഞ്ചാം സ്ഥാനത്തുമാണ്.
അയര്‍ലന്‍ഡിനെതിരെ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ 31 റണ്‍സെടുത്തതോടെ ട്വന്റി20 റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഷെഹ്സാദ് നാലാമതെത്തിയത്. ഓപ്പണിംഗിറങ്ങി 43 പന്തുകളില്‍ 72 റണ്‍സ് അടിച്ചെടുത്ത ഷെഹ്സാദിന്റെ മികവില്‍ കൂറ്റന്‍ സ്കോര്‍ നേടിയ അഫ്ഗാന് മത്സരം 28 റണ്‍സിന് ജയിച്ചു.
ഓപ്പണിംഗ് ബാറ്റ്സ്മാന് കൂടിയായ ഷഹ്സാദിന് 58 കളികളില്‍ 32.34 ശരാശരിയില്‍ 1779 റണ്‍സുണ്ട്. അതേസമയം, കോഹ്ലിക്ക് 44 കളികളില്‍ 53.40 ശരാശരിയില്‍ 1709 റണ്‍സാണുള്ളത്. ന്യൂസിലന്‍ഡ് മുന്‍ നായകന് ബ്രണ്ടന്‍ മക്കല്ലമാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമത്. 71 മത്സരത്തില്‍ 35.66 ശരാശരിയില്‍ 2140 റണ്‍സാണ് മക്കല്ലത്തിന്റെ പേരിലുള്ളത്.