കോട്ടയം: കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ആർഎസ്ബിവൈ ചിസ് എസ് ചിസ് പദ്ധതിയിൽ അംഗത്വമുളള 60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് അടുത്ത സാന്പത്തിക വർഷം മുതൽ 30,000 രൂപയുടെ വീതം അധിക ചികിത്സാ സഹായം ലഭിക്കും. പദ്ധതിക്ക് കീഴിൽ നിലവിൽ ഒരു കുടുംബത്തിന് പരമാവധി ലഭിച്ചിരുന്ന സഹായം 30,000 രൂപയായിരുന്നു.
ഇതു കൂടാതെ ഗുരുതര രോഗം ബാധിച്ചവർക്ക് സംസ്ഥാന സർക്കാർ 70,000 രൂപയുടെ ധനസഹായം കൂടി അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് ഏപ്രിൽ ഒന്നു മുതൽ കുടുംബത്തിലെ 60 തികഞ്ഞ ഓരോ അംഗത്തിനും ആവശ്യമെങ്കിൽ 30,000 രൂപയുടെ വീതം അധിക ചികിത്സാ ധനസഹായം ഉറപ്പുവരുത്തും വിധം പദ്ധതി സർക്കാർ പരിഷ്കരിച്ചിട്ടുളളത്. പദ്ധതിയുടെ രജിസ്ട്രേഷനും നടത്തിപ്പും സംബന്ധിച്ച നടപടിക്രമങ്ങൾ കളക്ടറേറ്റിൽ ജില്ലാ കളക്ടർ സി.എ. ലതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു.
ആകെ 1,89,982 കുടുംബങ്ങളാണ് നിലവിൽ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുളളത്. പുതുതായി 29,938 കുടുംബങ്ങൾ കൂടി രജിസ്ട്രേഷന് അപേക്ഷ നൽകിയിട്ടുണ്ട്. പദ്ധതിക്ക് കീഴിലുളള അംഗത്വ കാർഡ് പുതുക്കുന്നതിനും പുതിയ കാർഡുകളുടെ വിതരണത്തിനും പഞ്ചായത്ത്നഗരസഭാതലത്തിൽ സ്ഥിരമായ കേന്ദ്രങ്ങൾ തുറക്കാനും തിരക്കൊഴിവാക്കാനായി ഈ കേന്ദ്രങ്ങൾ തുടർച്ചയായി കൂടുതൽ ദിവസങ്ങൾ പ്രവർത്തന സജ്ജമാക്കാനും യോഗം തീരുമാനിച്ചു. റിലയൻസ് ജനറൽ ഇൻഷ്വറൻസ് കന്പനി മുഖേനയാണ് അടുത്തവർഷം ജില്ലയിൽ പദ്ധതി നടപ്പാക്കുക.
നടപ്പു സാന്പത്തിക വർഷം പദ്ധതിക്ക് കീഴിൽ 38,946 ക്ലെയിമുകൾ തീർപ്പാക്കിയതിൽ 17.76 കോടി രൂപയുടെ ചികിത്സാ ധനസഹായം അനുവദിച്ചു. ആകെ 10.56 കോടി രൂപയുടെ പ്രീമിയമാണ് ഈ ഇനത്തിൽ അടച്ചത്. ഗുരുതര രോഗങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ചിസ്പ്ലസ് പദ്ധതിയിലൂടെ 5.04 കോടി രൂപയുടെ ധനസഹായമാണ് നടപ്പുവർഷം ജില്ലയിൽ വിതരണം ചെയ്തത്. ആകെ 5771 പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.