ചേർത്തല: ചില ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ മറവിൽ നടക്കാൻ പാടില്ലാത്തതു നടക്കുന്നുവെന്നും ചിലർ ഉത്സവത്തിന് പോകുന്നത് ആയുധങ്ങളുമായാണെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു.പുരോഗമന കലാസാഹിത്യ സംഘം ചേർത്തല ഏരിയ കമ്മിറ്റിയുടെ നങ്ങേലി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി മനുഷ്യന് ആത്മശാന്തിയും സമാധാനവും നൽകേണ്ട സ്ഥലങ്ങളാണ് ക്ഷേത്രങ്ങൾ. എന്നാൽ ചില സ്ഥലങ്ങളിൽ അക്രമവും കൊലപാതകവുംവരെ നടക്കുന്നു. ഇതൊഴിവാക്കാൻ ക്ഷേത്രഭാരവാഹികൾ നടപടി സ്വീകരിക്കണം.
മനഃശാന്തിയേകേണ്ട ക്ഷേത്രങ്ങൾ ചോരവീഴുകയും അശാന്തി സൃഷ്ടിക്കുകയും ചെയ്യുന്നയിടമാകുന്നത് ഗൗരവത്തോടെ കാണണം. വെടിക്കെട്ടപകടത്തിൽ ആളുകൾ മരിച്ചുവീഴുന്നതും ക്ഷേത്രോത്സവങ്ങളിലെ പ്രവണതയായി. വർഗീയശക്തികൾ ആയുധങ്ങളുമായെത്തുന്നു. എന്നാൽ പള്ളികളിലെ ആഘോഷങ്ങളിൽ ഇത്തരം സംഭവം ഉണ്ടാകാത്തത് ശ്രദ്ധേയമാണ്.
പുരാണങ്ങളിലെ പല സ്ത്രീകളോടും കൊടും ക്രൂരതയാണ് നായക കഥാപാത്രങ്ങൾ കാട്ടിയത്. ഇന്നാണെങ്കിൽ ആ കഥാപത്രങ്ങളെല്ലാം ഇരുമ്പഴിക്കുള്ളിൽ ആകുമായിരുന്നു. മതങ്ങൾ ഇന്ന് കേരളത്തെ വർഗീയതയുടെ കരിമ്പടം പുതപ്പിച്ചിരിക്കുകയാണ്. അത് മാറ്റാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണം. വിപ്ലവത്തിൽ വെള്ളം ചേർക്കുന്ന പ്രവണത ഇന്നു വർധിച്ചുവരുന്നു.
പുതുതലമുറയ്ക്ക് വിപ്ലവബോധം തീർത്തും അന്യമാകുന്നു. വിപ്ലവസമരങ്ങൾ എന്നാൽ ഘോഷയാത്രയും പൊതുയോഗവും മറ്റുമല്ല. ചിലരാകട്ടെ സ്വന്തം കാര്യങ്ങൾ തീർത്തും ഭദ്രമാക്കിയിട്ടാണ് വിപ്ലവം പറയുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പൂർണമായും സ്ത്രീകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സമൂഹവും ഒറ്റക്കെട്ടായി സ്ത്രീകൾക്കുവേണ്ടി രംഗത്തിറങ്ങണം.
രാഹുൽഗാന്ധി പ്രചരണത്തിന് ഇറങ്ങിയതുകൊണ്ട് മാത്രമാണ് യുപിയിൽ ബിജെപിയ്ക്ക് ഇത്രയും സീറ്റു കൂടിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ക്യാമ്പ് ചെയ്തല്ല ജനങ്ങളെ കാണേണ്ടതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ചേർത്തല എൻഎസ്എസ് യൂണിയൻ ഹാളിൽ ചേർന്ന യോഗത്തിൽ ചേർത്തല രാജൻ അധ്യക്ഷനായി.