വി.എസ്. രതീഷ്
ആലപ്പുഴ: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും വി.എം. സുധീരനെതിരെയും പോർമുഖം തുറന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന ബിജെപി നേതൃത്വത്തെ കുടിച്ചവെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുശേഷവും വഞ്ചനാപരമായ സമീപനമാണ് ബിഡിജെഎസിനോട് ബിജെപി സംസ്ഥാന നേതൃത്വം കൈക്കൊണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ രാഷ് ട്ര ദീപികയോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സീറ്റുകൾ നേരത്തെ തന്നെ പ്രഖ്യാപിച്ച് കൈക്കലാക്കിയ ബിജെപി ബിഡിജ മത്സരിച്ച സീറ്റുകളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ അലംഭാവം കാട്ടിയിരുന്നു. പിന്നോക്ക സ്വഭാവമല്ല മറിച്ച് സവർണ സ്വഭാവമാണ് ബിജെപിക്കുള്ളത്. സംസ്ഥാന എൻഡിഎയിൽ ബിജെപിയുടെ ഒറ്റയാൻ കളിയാണ് നടക്കുന്നത്.
ഘടകകക്ഷികൾക്ക് നൽകിയ ഒരു വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല പിന്നോക്ക സമുദായങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്പോൾ പ്രതികരിക്കേണ്ടത് എസ്എൻഡിപിയുടെ കടമയായതിനാലാണ് തന്റെ തുറന്നുപറച്ചിലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള വി.എം. സുധീരൻ രാജിവച്ചത് സംബന്ധിച്ച് രൂക്ഷമായ വിമർശനമാണ് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി ഉന്നയിച്ചത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള സുധീരന്റെ രാജി നാടകമാണ്.
സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നത് കോണ്‍ഗ്രസ് നേതാക്കൾക്ക് അറിയാമായിരുന്നു. സംസ്ഥാനത്ത കോണ്‍ഗ്രസിനെ ഒന്നിച്ചുകൊണ്ടുപോകാൻ കെപിസിസി പ്രസിഡന്റിന് കഴിയാത്ത സാഹചര്യത്തിൽ ഹൈക്കമാൻഡും ഉമ്മൻചാണ്ടിയും ചേർന്ന് സുധീരനെ രാജിവപിക്കുകയായിരുന്നു. ഇമേജ് നഷ്ടപ്പെടാതിരിക്കാനാണ് രാജി അവസരം നൽകിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിനെ സുധീരന്റെ നയവൈകല്യങ്ങളാണ് തകർത്തത്. ബാർ വിഷയത്തിലും ഈഴവ സമുദായത്തിനെതിരായ നിലപാടുകൾ സ്വീകരിച്ചതും കോണ്‍ഗ്രസിനാണ് ദോഷം ചെയ്തത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സുധീരന്റെ നിലപാട് പരന്പരാഗത യുഡിഎഫ് അനുകൂല ഈഴവ വോട്ടുകളിൽ ചോർച്ചയുണ്ടാക്കി. കായംകുളം അടക്കമുള്ള മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടതിനെക്കുറിച്ച് പരിശോധിച്ചാൽ ഇത് വ്യക്തമാകും. പാപി ചെന്നിടം പാതാളം എന്ന് പറയുന്നതുപോലെയായിരുന്നു വി.എം. സുധീരൻ കെപിസിസി പ്രസിഡന്റായതിനുശേഷം കേരളത്തിൽ കോണ്‍ഗ്രസിന്റെ അവസ്ഥ. പാപി പോകാതെ ഈ ദോഷം മാറുകില്ലായിരുന്നു. ഇനി മാറ്റമുണ്ടാകും.
തന്നെ ജയിലിലാക്കി ജയിക്കാമെന്ന് ധരിച്ച സുധീരനിപ്പോൾ പുറത്തായപ്പോഴും താൻ തൽസ്ഥാനത്ത് തുടരുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിൽ ഗ്രൂപ്പ് തർക്കം ഒഴിവാക്കണമെന്ന സുധീരന്റെ വാക്കുകൾ വൈകിവന്ന വിവേകമാണെന്നും വെള്ളാപ്പള്ളി നടേശൻ രാഷ്്ട്രദീപികയോട് പറഞ്ഞു.