മലയാള സിനിമയില്‍ അച്ഛനും മകനും ഒരുപോലെ തിളങ്ങി നില്‍ക്കുന്നത് അത്ര വലിയ സംഭവമൊന്നുമല്ല. എങ്കിലും വെറും പത്താം വയസില്‍ അച്ഛന് വെല്ലുവിളി ഉയര്‍ത്തിയ മകന് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അതെ, ചുരുങ്ങിയ നാളുകള്‍ കൊണ്ട് ജനപ്രിയ നായകന് എന്ന പേര് സമ്പാദിച്ച ജയസൂര്യയെയും മകന് അദ്വൈതിനെയും കുറിച്ചാണ് പറയുന്നത്. അഭിനയത്തിലും സംവിധാനത്തിലും എഡിറ്റിംഗിലും താന്‍ മിടുക്കനാണെന്ന് തെളിയിച്ചുകൊണ്ട് പത്താം വയസില്‍ ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുകയാണ് അദ്വൈത്. സംവിധാനം ചെയ്യുക മാത്രമല്ല, അതില്‍ അഭിനയിച്ചിരിക്കുന്നതും അത് എഡിറ്റ് ചെയ്തിരിക്കുന്നതും അദ്വൈതാണ്.
ഗുഡ് ഡേ എന്നാണ് ഹ്രസ്വ ചിത്രത്തിന്റെ പേര്. വെറും അഞ്ച് മിനിറ്റിനുള്ളില്‍ വളരെ ക്രിയേറ്റീവ് ആയ ഒരു ആശയമാണ് പങ്കുവച്ചിരിക്കുന്നത്. സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനാണ് അദ്വൈതിന്റെ ഹ്രസ്വ ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്തത്. ഏറെ നാളുകള്‍ക്കു ശേഷം താന്‍ കണ്ട ഏറ്റവും മനോഹരമായ ഹ്രസ്വ ചിത്രമാണ് അദ്വൈത് ഒരുക്കിയ ഗുഡ് ഡേ എന്ന് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. സ്കൂളില്‍ പഠിക്കുമ്പോള്‍ താനും ഷോര്‍ട് ഫിലിംസ് ചെയാറുണ്ടായിരുന്നെന്നും അതില്‍ നിന്നെല്ലാം ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രമാണ് അദ്വൈത്തിന്റേതെന്നും ദുല്‍ഖര്‍ പറഞ്ഞു. മരട് ഗ്രിഗോറിയന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അദ്വൈത്.
‘അവന് ജനിച്ചു വീണതേ സിനിമാ ലോകത്തേക്കാണ്. ഞാന്‍ കാണാത്തതും കേള്‍ക്കാത്തതുമൊക്കെ കണ്ടും കേട്ടുമാണ് അവന് വളരുന്നത്. അവന്റെ ലോകവും സിനിമ മാത്രമാണ്. റിലീസ് ആകുന്ന എല്ലാ ചിത്രങ്ങളും ഭാഷാഭേദമന്യേ പോയിക്കാണുകയെന്നതാണ് ഹോബി. അതുകൊണ്ട് അവനിങ്ങനൊന്നും ചെയ്യുന്നതില്‍ എനിക്ക് അത്ഭുതമില്ല. സംവിധായകനാവുക എന്നതാണ് അവന്റെ സ്വപ്നമെന്നു തോന്നുന്നു. അതങ്ങനെ തന്നെയാവട്ടെ. അവന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എന്നെ തന്നെ നായകനാക്കിയാല്‍ മതിയായിരുന്നു. അതുവെറുതെ..അവന് ചെയ്യുന്നത് ഏറ്റവും നന്നാവട്ടെ എന്നു മാത്രമാണ് പ്രര്‍ത്ഥന.’ ജയസൂര്യ മകന്റെ സംരഭത്തെക്കുറിച്ച് വാചാലനാവുന്നു.