കാട്ടാക്കട: തേനീച്ച കടിച്ചാൽ ആനയും വീഴും. അതാണ് കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിൽ സംഭവിച്ചത്. കടിയേറ്റ് ആനകൾ വിരണ്ടോടിയപ്പോൾ പാപ്പാൻ തറയിൽ വീണു. രണ്ട് ആനകൾക്കും മൂന്നു പാപ്പാൻമാർക്കും ഗൈഡിനും തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റ പാപ്പാൻമാരായ സോമരാജൻ, ഭാർഗവൻ, അഭിലാഷ് എന്നിവർ ചികിത്സയിലാണ്.
കേന്ദ്രത്തിലെ മിന്നു, അമ്മു എന്നീ ആനകളെ ചങ്ങല ചവിട്ടി പരിശീലിപ്പിക്കുന്നതിനായി വനപാതയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം. ആന സങ്കേതത്തിൽ ആമല സെറ്റിൽമെന്റിലേക്കു പോകുന്ന വഴിയിലാണ് തേനീച്ചയുടെ കുത്തേറ്റത്. ഇതിനിടെ, ആനകളും പാപ്പാൻമാരും വിരണ്ടോടി. ഓട്ടത്തിൽ അഭിലാഷ് കുഴഞ്ഞുവീഴുകയായിരുന്നു. കുറ്റിച്ചൽ സ്വദേശിനിയായ ഗൈഡിനും തേനീച്ചയുടെ കുത്തേറ്റു.