തിരുവനന്തപുരം: കൊച്ചിയിൽ സദാചാര ഗുണ്ടായിസം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക് എതുത്തതാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന സഭാരേഖകളിൽ നിന്നും നീക്കില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. മുഖ്യമന്ത്രിയുടേത് ഒരു രാഷ്ട്രീയ പരാമർശം മാത്രമാണെന്നും ഇത്തരത്തിലുള്ള പരാമർശങ്ങൾ രാഷ്ട്രീയമായി മറുപടി പറയാൻ പ്രതിപക്ഷത്തിന് സമയം അനുവദിച്ചിരുന്നുവെന്നുമാണ് സ്പീക്കറുടെ റൂളിംഗ്.
കൊച്ചിയിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയതിന്റെ പിറ്റേന്നാണ് നിയമസഭയിൽ നാടകീയ രംഗങ്ങളുണ്ടായത്. കൊച്ചിയിലെ സദാചാര ഗുണ്ടായിസത്തിന് എത്തിയ ശിവസേനക്കാർ പ്രതിപക്ഷം വാടകയ്ക്ക് എടുത്തവരായിരുന്നുവെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്.
മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ നിയമസഭയുടെ നടുത്തളത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ രൂക്ഷമായി പോർവിളിച്ചു. പരാമർശം നീക്കണമെന്ന് പ്രതിപക്ഷ അംഗം വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് സ്പീക്കർ പരിശോധന നടത്തി പരാമർശം നീക്കില്ലെന്ന് റൂളിംഗ് നടത്തിയത്.