വെള്ളാങ്കല്ലൂർ: അനധികൃതമായി തുറന്ന കള്ളുഷാപ്പ് നാട്ടുകാർ പൂട്ടിച്ചു. നിലവിൽ പൈങ്ങോട്ടിൽ കള്ള് ഷാപ്പ് പ്രവർത്തിച്ചിരുന്നു. എന്നാൽ സ്ഥലമുടമ ഒഴിയുവാൻ പറഞ്ഞതിനെത്തുടർന്ന് ഒഴിഞ്ഞു.എന്നാൽ, തൊട്ടടുത്ത് റോഡിനു സമീപവും ജനവാസ കേന്ദ്രത്തിനു സമീപവുമാണ് ഷാപ്പ് ആരംഭിച്ചത്.
ഇതിനെതിരെ നാട്ടുകാരും പരിസരവാസികളും രംഗത്തെത്തി; പുതിയ ഷാപ്പ് കെട്ടിടത്തിനു മുന്നിൽ ഇന്നലെ ധർണ നടത്തി. വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ ധർണ ഉദ് ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറന്പിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് അംഗം സിനി കണ്ണദാസ്, എം.എസ്. രഘുനാഥ് എന്നിവർ പ്രസംഗിച്ചു.ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി ഷാപ്പ് തത്കാലികമായി അടപ്പിച്ചു. ഷാപ്പ് തുടങ്ങുവാൻ പഞ്ചായത്തിലേക്ക് അപേക്ഷ നൽകിയിട്ടില്ലെന്നും അതിനാൽ ഇന്നുതന്നെ ഷാപ്പുടമക്ക് നോട്ടീസ് നൽകുമെന്ന് പഞ്ചായത്ത്പ്രസിഡന്റ് പ്രസന്ന അനിൽകുമാർ പറഞ്ഞു.