മലപ്പുറം: ഏപ്രിൽ 12ന് നടക്കുന്ന മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി പി.കെ.കുഞ്ഞാലിക്കുട്ടിയെ മുൻനിർത്തി സർവസന്നാഹങ്ങളുമായി ലീഗ് രംഗത്തിറങ്ങി. ഇനി 15 തീയതിയിലെ ലീഗിന്റെ ഒൗദ്യോഗികസ്ഥാനാർഥി പ്രഖ്യാപനം കൂടി കഴിഞ്ഞാൽ അങ്കത്തട്ട് ചൂട് പിടിക്കും.
എല്ലാ എംഎൽഎമാരെയും രംഗത്തിറക്കി അവർക്കു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാണ് നൽകി റെക്കോർഡ് ഭൂരിപക്ഷം ലക്ഷ്യമിട്ടാണ് മുസ്ലിം ലീഗ് കച്ചമുറുക്കുന്നത്. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പരിചയ സന്പന്നനായ ഒരാൾ വേണം പാർലമെന്റിലേക്ക് പോവേണ്ടതെന്ന പാർട്ടി തീരുമാനത്തിന്റെ ഭാഗമാണ് കുഞ്ഞാലിക്കുട്ടിക്ക് സാധ്യതയുള്ളത്.
നിരവധി നേതാക്കളുടെ പേരുകൾ ഒരുവിഭാഗം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അഞ്ചു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ ദിവസം പുറത്തുവരുകയും യുപിയിലും, ഉത്തരാഖണ്ഡിലും ഉണ്ടായ ബിജെപിയുടെ കുതിച്ചുകയറ്റം മുസ്്ലീം ലീഗ് ഏറെ ആശങ്കയോടെയാണ് നോക്കിക്കണ്ടത്.
ഈ സാഹചര്യത്തിൽ പാർലമെന്റിൽ അംഗബലം നാമമാത്രമായ പാർട്ടിക്ക് കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഒരു നേതാവിന്റെ സാനിധ്യം അനിവാര്യമാണെന്ന നിഗമനത്തിലാണ് പാർട്ടി എത്തിയിട്ടുള്ളത്. എന്നാൽ എൽഡിഎഫ് ജനകീയ സ്ഥാനാർഥിക്കായുള്ള നെട്ടോട്ടത്തിലാണ്. ഇക്കുറിയും ലീഗ് കോട്ടയായ മലപ്പുറത്ത് ഒരു കൈനോക്കാൻ തന്നെയാണ് എൽഡിഎഫിന്റെ തീരുമാനം. ഭൂരിപക്ഷത്തിൽ ശക്തമായ ഇടിവുണ്ടാക്കാനും മുൻപ് മഞ്ചേരിയിൽ ടി.കെ.ഹംസ നേടിയതുപോലെ ഒരു അട്ടിമറി വിജയത്തിന് കെൽപ്പുള്ള സ്ഥാനാർഥിയെ ഇറക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രമുഖ സിപിഎം നേതാക്കൾ ചലച്ചിത്രപ്രവർത്തകർ അടക്കമുള്ളവരുമായി ആശയ വിനിയമം നടത്തിയെങ്കിലും ആരും മനസു തുറന്നിട്ടില്ലെന്നാണ് സൂചന. മുൻ എംപി ടി.കെ.ഹംസ, ടി.കെ.റഷീദലി, എം.ബി.ഫൈസൽ തുടങ്ങിയ പേരുകളും ഉയർന്നുകേട്ടു. മലപ്പുറം ലോകസഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥിയെ നിർണയിക്കുന്നതിൽ ജയ സാധ്യത മാത്രമാണ് കണക്കിലെടുക്കുന്നതെന്ന് മന്ത്രി കെ.ടി. ജലീൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സ്ഥാനാർഥിക്ക് ന്യൂനപക്ഷ, ഭൂരിപക്ഷ പരിഗണനയല്ല, ജയസാധ്യതയാണ് ഉണ്ടാവേണ്ടത്. ഇടതുപക്ഷം മലപ്പുറം മണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കും.
മലപ്പുറം ലോകസഭാമണ്ഡലം മഞ്ചേരിയായിരുന്നപ്പോൾ ടി.കെ.ഹംസ മണ്ഡലം പിടിച്ചെടുത്ത ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷം മണ്ഡലത്തിലെ ഏരിയാ സെക്രട്ടറിമാരുടേയും ജില്ലാ കമ്മിറ്റി അംഗങ്ങളുടേയും യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തിരുന്നു. വരും ദിവസങ്ങളിൽ ലോക്കൽ ബ്രാഞ്ച് കമ്മിറ്റികളും യോഗം ചേരുന്നുണ്ട്. ബൂത്ത് കമ്മിറ്റികൾ വിളിച്ചു കൂട്ടിയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്.
തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പഞ്ചായത്തുതല കണ്വൻഷനുകളും നടത്താനുള്ള നീക്കത്തിലാണ് എൽഡിഎഫ്.ശക്തനായ സ്ഥാനാർഥിയെ ഇറക്കി തങ്ങളുടെ വോട്ടുബാങ്കിൽ മുന്നേറ്റമുണ്ടാക്കാനുള്ള നീക്കം ബിജെപിയും ആരംഭിച്ചു.്