സിനിമാ ചിത്രീകരണത്തിനിടെ ഭാരമേറിയ വസ്തു കഴുത്തിൽ വീണതിനെത്തുടർന്ന് ബോളിവുഡ് നടി കത്രീനാ കെയ്ഫിന് സാരമായ പരിക്ക്. ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരുന്ന പുതിയ ചിത്രം ജഗ്ഗാ ജസൂസിന്റെ സെറ്റിൽ വച്ചാണ് നടി കത്രീന കെയ്ഫിന് പരിക്കേറ്റത്.
ഭാരമേറിയ വസ്തു കഴുത്തിൽ വീണതിനെത്തുടർന്ന് നടിയുടെ കഴുത്തിനും മുതുകിനും സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗാ ജസൂസ് അവസാന ഘട്ടത്തിലായിരുന്നു. പരിക്ക് സാരമായതിനാൽ രണ്ടാഴ്ചയോളം നടിക്ക് പൂർണ വിശ്രമം നിർദേശിച്ചിരിക്കുകയാണ്. പിന്നീടും ഡോക്ടർമാരുടെ നിർദ്ദേശം ലഭിച്ച ശേഷം മാത്രമേ താരത്തിന് ഷൂട്ടിംഗിനെത്താൻ സാധിക്കൂ.
പ്രണയബന്ധം വേർപിരിഞ്ഞ ശേഷം രണ്‍ബീർ കപൂറും കത്രീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജഗ്ഗാ ജസൂസ്. ഇതിനു ശേഷം ഉടൻ സൽമാൻ ഖാന്റെ ടൈഗർ സിന്ദാ ഹൈയിൽ അഭിനയിക്കാനിരിക്കുകയായിരുന്നു കത്രീന.