പറക്കാൻ കഴിയാത്ത ഒട്ടകപ്പക്ഷികൾ ഒരുകാലത്ത് ഇന്ത്യയിൽ വിഹരിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജി (സിസിഎംബി) നടത്തിയ പഠനത്തിലാണ് 25,000 വർഷങ്ങൾക്കു മുന്പ് ഒട്ടകപ്പക്ഷികൾ ഇന്ത്യയിൽ ജീവിച്ചിരുന്നതായി കണ്ടെത്തിയത്.
ഇപ്പോൾ ആഫ്രിക്കയിൽ മാത്രം വ്യാപകമായി കാണപ്പെടുന്ന ഒട്ടകപ്പക്ഷികളുടെ മുട്ടത്തോടുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽനിന്നാണ് മുട്ടത്തോടുകൾ വ്യാപകമായി കണ്ടെത്തിയിട്ടുള്ളത്.
സിസിഎംബിയിലെ ഡിഎൻഎ പരിശോധനാകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഇന്ത്യയിൽനിന്നു കണ്ടെത്തിയ മുട്ടത്തോടുകൾക്കും ആഫ്രിക്കയിലെ ഒട്ടകപ്പക്ഷികളുടെ മുട്ടത്തോടുകൾക്കും ജനിതകമായി സാമ്യമുണ്ട്. കാർബൺ ഡേറ്റിംഗ് പരിശോധനയിലൂടെയാണ് ഇന്ത്യയിൽനിന്നു കണ്ടെത്തിയ മുട്ടത്തോടുകളുടെ പഴക്കം 25,000 വർഷമാണെന്നു കണ്ടെത്തിയത്. ഹൈദരാബാദ് സിസിഎംബിയോടൊപ്പം റൂർക്കിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരും ഈ ഉദ്യമത്തിൽ പങ്കാളികളാണ്.
ഈ മാസം ഒന്പതിനു പുറത്തിറങ്ങിയ ശാസ്ത്ര ജേർണലായ പ്ലോസ് വണ്ണിലാണ് ഈ ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.