അമ്മയുടെ വേര്‍പാടാണ് ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുഖം. ഇത്തരത്തില്‍ അമ്മക്കുരങ്ങിന്റെ വേര്‍പാടില്‍ പൊട്ടിക്കരയുന്ന കുട്ടിക്കുരങ്ങിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കര്‍ണാടകയിലെ കാമരാജ്നഗര്‍ ജില്ലയിലെ യെലന്തൂരിലാണ് കരളലിയിക്കുന്ന സംഭവം നടന്നത്. തിരക്കുള്ള റോഡില്‍ വച്ച് വണ്ടിയിടിച്ചാണ് തള്ളക്കുരങ്ങ് ജീവന് വെടിഞ്ഞത്. തൊട്ടു പിന്നിലായിരുന്നതിനാല്‍ കുട്ടിക്കുരങ്ങിന് അപകടമൊന്നും സംഭവിച്ചില്ല. വഴിയില്‍ ജീവനറ്റുകിടന്ന അമ്മക്കുരങ്ങിനെ എഴുന്നേല്‍പ്പിക്കാന്‍ കുട്ടിക്കുരങ്ങ് നടത്തുന്ന ശ്രമങ്ങളാണ് ചുറ്റും കൂടിനിന്നവരുടെയും വീഡിയോ കണ്ടവരുടെയും കണ്ണുകളെ ഈറനണിയിച്ചത്. അമ്മയുടെ ചുറ്റും ഓടിനടന്നും ശരീരത്തില്‍ കയറിയിരുന്ന് കെട്ടിപ്പിടിച്ച് വാവിട്ട് കരഞ്ഞുമാണ് കുട്ടിക്കുരങ്ങ് തന്റെ അമ്മയെ ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയത്.
ആളുകള്‍ എത്ര ശ്രമിച്ചിട്ടും കുട്ടിക്കുരങ്ങ് അമ്മയുടെ അരികില്‍ നിന്ന് മാറാന്‍ തയാറായില്ല. നാട്ടുകാര്‍ നല്കിയ പാലും പഴവും ബിസ്ക്കറ്റുമെല്ലാം കുട്ടിക്കുരങ്ങു നിരസിച്ചു. കുട്ടിക്കുരങ്ങിന് അപകടം സംഭവിക്കാതിരിക്കാനായി കുരങ്ങിന്റെ മൃതദേഹത്തിനു ചുറ്റുമായി പ്രദേശവാസികള്‍ കല്ലുകള്‍ വച്ച് തിരിച്ചു. കുങ്കുമവും മഞ്ഞളും മൃതശരീരത്തില്‍ വിതറി സാബ്രാണിയും കര്‍പ്പൂരവും കത്തിച്ചു വച്ചു. ഇതെല്ലാം കണ്ട് തൊട്ടടുത്ത മരക്കൊമ്പിലിരുന്ന മറ്റൊരു കുരങ്ങ് കുട്ടിക്കുരങ്ങിന്റെ അരികിലെത്തി ആശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി. അമ്മക്കുരങ്ങിന്റെ വേര്‍പാട് താങ്ങാനാവാതെ വിലപിക്കുന്ന കുട്ടിക്കുരങ്ങിന്റെ വിഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടുകഴിഞ്ഞത്.
https://youtu.be/WK5AdkVTYtM