ആലപ്പുഴ: ശ്വാസം മുട്ടലിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച രോഗിയുടെ ഇസിജി പരിശോധന നടത്താൻ വൈകിയതിനെച്ചൊല്ലി ജനറൽ ആശുപത്രിയിൽ സംഘർഷം. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. ശ്വാസം മുട്ടലിനെത്തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗിയെ ഡോക്ടർ പരിശോധിക്കുകയും ബിപിയിൽ വ്യത്യാസം കണ്ടതിനാൽ ഇസിജി പരിശോധന നടത്താൻ ഒപി ചീട്ടിൽ കുറിച്ചുനൽകുകയും ചെയ്തു. തുടർന്ന് ഇസിജി റൂമിൽ രോഗിയെ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ പരിശോധിക്കാൻ തയാറായില്ലെന്നാണ് പരാതി.
മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇയാളെന്നും അടിയന്തരമായി ഇസിജി എടുക്കണമെന്നാവശ്യപ്പെട്ടപ്പോൾ അത്യാവശ്യഘട്ടമാണെങ്കിൽ ചീട്ടിൽ ഡോക്ടർ എഴുതുമെന്ന മറുപടിയാണ് ലഭിച്ചതെന്നും രോഗിയോടൊപ്പമുണ്ടായിരുന്നവർ പറയുന്നു. പരിശോധനയ്ക്ക് പണം അടച്ചശേഷവും ഇസിജി പരിശോധനയ്ക്ക് പരിശോധന നടത്താൻ ജീവനക്കാരന്റെ ഭാഗത്തുനിന്നും അലംഭാവമുണ്ടായതിനെത്തുടർന്നാണ് രോഗിയോടൊപ്പമുണ്ടായിരുന്നവർ ജീവനക്കാരനുമായി വാക്കേറ്റമുണ്ടായത്.
ഈ ജീവനക്കാരനെതിരെ ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി കഴിഞ്ഞദിവസം ഇസിജി പരിശോധനയ്ക്കെത്തിയപ്പോഴും ഇത്തരം സമീപനം ഇയാൾ സ്വീകരിച്ചതായും രോഗികൾ പറയുന്നു. ഇന്നലെ ഇസിജി റൂമിൽ സംഘർഷ സാധ്യത ഉടലെടുത്തതറിഞ്ഞെത്തിയ രോഗികളും കൂട്ടിരിപ്പുകാരിൽ പലരും തങ്ങൾക്കും സമാനമായ അനുഭവമുണ്ടായതായി പറയുന്നുണ്ടായിരുന്നു.
അത്യാഹിത വിഭാഗത്തിന്റെ ഭാഗമായ ഇസിജി പരിശോധനയ്ക്ക് പലപ്പോഴും ജീവനക്കാരില്ലത്തതുമൂലം അരമണിക്കൂറോളം ക്യൂനിൽക്കേണ്ടതാകുന്ന പരാതിയും വ്യാപകമാണ്. അതേസമയം ബിൽ അടച്ച് വരാനാവശ്യപ്പെട്ടതാണെന്നും പരിശോധനയ്ക്ക് താമസമുണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. രാത്രി ഡ്യൂട്ടിക്കിടെ ആശുപത്രി ജീവനക്കാരിൽ ചിലർ മൊബൈൽ ഫോണിൽ നവമാധ്യമങ്ങളിലും മറ്റും മുഴുകുന്നതായുള്ള പരാതിയും വ്യാപകമാണ്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം.