വളരെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് പോലീസിനെയും ആളുകളെയും വിരട്ടുന്നത് ചിലരുടെ ശീലമാണ്. ഇത്തരത്തില്‍ ഒരു സംഭവം സെക്രട്ടേറിയറ്റിലും നടക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്റെ ഓഫീസിലെത്തിയ പാഴ്സലില്‍ ബോംബ് എന്ന വാര്‍ത്തയാണ് കാട്ടുതീ പോലെ പരന്നത്. വിവരമറിഞ്ഞതോടെ ബോംബ് സ്ക്വാഡും അഗ്നിശമനസേനയും പോലീസും കമാന്‍ഡോകളും നിമിഷങ്ങള്‍ക്കുള്ളില്‍ കന്റോണ്‍മെന്റ് ഗേറ്റ് വഴി സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന പ്രധാന ബ്ലോക്കിലേക്കു പാഞ്ഞെത്തി.
സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും ജനങ്ങളും കാര്യമറിയാതെ പകച്ചുനിന്നു. വയര്ലെസ്സുവഴി അങ്ങോട്ടുമിങ്ങോട്ടും സന്ദേശങ്ങള്‍ പാഞ്ഞു. ബോംബ് സ്ക്വാഡ് അംഗങ്ങള്‍ ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങളും നടത്തി. പാഴ്സല്‍ തുറന്നതോടെയാണ് രസകരമായ സംഭവങ്ങള്‍ക്ക് അവസാനമായത്. ബോംബായിരുന്നില്ല ആ പാഴ്സലില്‍. മറിച്ച്, ഒരു സമ്മാനപ്പൊതിയായിരുന്നു അത്. സമ്മാനം എത്തിച്ചതാവട്ടെ, എബിവിപിയും. ഇടതുപക്ഷ സര്ക്കാരിനുള്ളതായിരുന്നു ആ സമ്മാനം. പാഴ്സല്‍ തുറന്നപ്പോള്‍ അതിലും രസം. നന്നായി പൊതിഞ്ഞ് മൂന്ന് സാരികളായിരുന്നു അതില്‍. കൂടാതെ അതിലൊരു കുറിപ്പും ഉണ്ടായിരുന്നു. സ്ത്രീവിരുദ്ധ മുഖമുള്ള സര്‍ക്കാര്‍ സാരിയുടുത്തു നടക്കുക എന്നാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്. സിത്രീസുരക്ഷ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍പരാജയമാണെന്ന രീതിയിലുള്ള ചര്‍ച്ചകളും അധിക്ഷേപങ്ങളും നടക്കുന്നതിനിടയിലാണ് എബിവിപിയുടെ വക, ബോംബ് സമ്മാനം എത്തിയത്.