കുമരകം: കുമരകം റോഡും പരിസരവും മോടി പിടിപ്പിക്കുവാൻ പ്രകൃതി സ്നേഹികളായ യുവാക്കൾ നട്ട തെങ്ങിൻതൈകൾ പരസ്യബോർഡു സ്ഥാപിക്കുന്നവർ നശിപ്പിച്ചതായി പരാതി.കുമരകം കണ്ണാടിച്ചാലിനു സമീപത്തെ കോട്ടയം കുമരകം റോഡരികിൽ നട്ട തെങ്ങിൻതൈകളാണ് കൂന്പിൽ മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചത്. കുമരകം നേച്ചർ ക്ലബ് പ്രവർത്തകർ നട്ട പത്തോളം തെങ്ങിൻതൈകളാണ് കരിഞ്ഞുണങ്ങിയത്.
കടുത്ത വേനലിൽ പരിസരവാസികൾ വെള്ളം ഒഴിച്ചും വളം നൽകിയും പരിപാലിച്ച തെങ്ങിൻതൈകളാണ് വളർന്നുവലുതായാൽ പരസ്യോർഡുകൾക്ക് മറയാകുമെന്ന കാഴ്ചപാടിൽ ചെറുപ്പത്തിലെ നശിപ്പിച്ചതെന്ന് സമീപവാസികൾ ചൂണ്ടിക്കാട്ടി.നാലുമാസങ്ങൾക്കുമുന്പ് സ്ഥലം എംഎൽഎ കെ. സുരേഷ് കുറുപ്പാണ് നടീലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
വെള്ളം ഒഴിച്ചിട്ടും തെങ്ങിൻതൈകൾ ഉണങ്ങിപ്പോകുന്നതിന്റെ കാരണം എന്തെന്നറിയാൻ കൂന്പിൽ മണത്തുനോക്കിയപ്പോഴാണ് മണ്ണെണ്ണയുടെ ഗന്ധം തിരിച്ചറിഞ്ഞത്.നീര ഉത്പാദനത്തിനു വേണ്ടി പ്രത്യേകമായി വാങ്ങിയ 300 രൂപ വിലയുള്ള 16 തെങ്ങിൻതൈകളാണ് നശിപ്പിക്കപ്പെട്ടത്. കുമരകം നാളികേര ഫെഡറേഷനാണ് കുരമകം പഞ്ചായത്തിന്റെ നിർദേശപ്രകാരം നേച്ചർ ക്ലബിന് തൈകൾ സൗജന്യമായി നൽകിയത്.
റോഡരികിൽ നട്ടുവളർത്തിയ തെങ്ങിൻ തൈകൾ നശിപ്പിച്ച സാമൂഹ്യവിരുദ്ധരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ പോലീസിൽ പരാതി നൽകി.കുമരകത്തിന്റെ പ്രവേശന കവാടമായ രണ്ടാം കലുങ്കിനു പടിഞ്ഞാറോട്ട് റോഡിന്റെ ഇരുവശങ്ങളിലും നേച്ചർ ക്ലബ് അംഗങ്ങൾ നട്ടുവളർത്തിയ ചെടികളും നശിപ്പിച്ചിട്ടുണ്ട്.
ചില ചെടികൾ പറിച്ചുനടുകയും നല്ല ഇനം ചെടികൾ പറിച്ചുകൊണ്ടു പോവുകയും ചെയ്തുവെന്ന് നേച്ചർ ക്ലബ് പ്രസിഡന്റ് മഹേഷ് വൈപ്പിച്ചേരിയും സെക്രട്ടറി അലൻ കുര്യാക്കോസ് മാത്യുവും പറഞ്ഞു.