വൈക്കം വിജയലക്ഷ്മി എന്ന പാട്ടുകാരി ഇപ്പോള്‍ മനക്കരുത്തിന്റെ പ്രതീകമായിക്കൂടിയാണ് അറിയപ്പെടുന്നത്. ഒട്ടും ആത്മാര്‍ഥതയില്ലാത്ത ആളാണ് തന്നെ വിവാഹം ചെയ്യാന്‍ വന്നിരിക്കുന്നതെന്നും തന്റെ പ്രശസ്തിയും പണവുമാണ് അയാളുടെ ലക്ഷ്യമെന്നു മനസിലാക്കിയപ്പോള്‍ വിവാഹത്തില്‍ നിന്നും പിന്മാറാന് വിജയലക്ഷ്മി ധൈര്യം കാണിച്ചു.
വിവിധ പത്രങ്ങളിലെ വൈവാഹിക പംക്തിയില്‍ നിന്ന് ലഭിച്ച 600 അപേക്ഷകളില്‍ നിന്നാണ് ഇയാളെ തിരഞ്ഞെടുത്തത്. എന്റെ സംഗീതത്തിനൊപ്പം നില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചതാണ്. എന്നാല്‍ നിശ്ചയം കഴിഞ്ഞതോടെ മട്ടുമാറി. അവരുടെ വീട്ടില്‍ നില്‍ക്കണമെന്നായി. ഇനി പാട്ടുടീച്ചറായി ജോലി നോക്കിയാല്‍ മതിയെന്ന നിര്‍ദ്ദേശവും. കാഴ്ചയില്ലാത്തതിന്റെ പേരില്‍ കുത്തിനോവിച്ച് ആത്മവിശ്വാസം കെടുത്തിത്തുടങ്ങി. ഇതോടെ കല്യാണത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വിജയലക്ഷ്മി പറയുന്നു.
പുറത്തുപറഞ്ഞു കേട്ടതുപോലെ നിസാര സംഭവങ്ങളായിരുന്നില്ല ഇതിനു പിന്നില്‍ നടന്നത്. കല്ല്യാണത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞപ്പോള്‍ ഭീഷണിയും വിരട്ടലുമെല്ലാം ഉണ്ടായി. അമ്മാവന്മാരൊക്കെ ഇടപെട്ടു. എല്ലാവരെയും കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിച്ചു. ഇപ്പോള്‍ ഒരുപാട് സമാധാനമുണ്ട്. സംഗീതമാണ് തനിക്ക് ഇതിനൊക്കെ ശക്തി തന്നതെന്നും വിജയലക്ഷ്മി പറയുന്നു. വിവാഹത്തില്‍ അടിച്ചമര്‍ത്തപ്പെടുകയാണെങ്കില്‍ അതിന് നിന്നുകൊടുക്കരുതെന്നും പുരുഷന് പറയുന്നത് കേട്ട് കീഴ്പ്പെടേണ്ട കാര്യമില്ലെന്നും അതിനുള്ള തന്റേടം കാണിക്കണമെന്നുമാണ് വിജയലക്ഷ്മിയുടെ അഭിപ്രായം. വിജയലക്ഷ്മിയുടെ വാക്കുകള്‍ കേരളത്തിലെ സ്ത്രീസമൂഹത്തിനു മാതൃകയാണ്.