തളിപ്പറമ്പ്: മലയാളിയുടെ നാവിന്തുമ്പിലേക്ക് പടര്‍ന്നുകയറിയ കോഫിഹൗസ് രുചിക്ക് ഇനി രാജകീയപ്രൗഡി. ഇന്ത്യന്‍ കോഫി ഹൗസിന്റെ കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ സമുച്ചയം ദേശീയപാതയോരത്ത് ധര്‍മശാലയില്‍ ഏപ്രില്‍ രണ്ടാംവാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ആന്തൂര്‍ മുനിപ്പാലിറ്റി ആസ്ഥാനമായ ധര്‍മശാലയില്‍ 40 സെന്റ് സ്ഥലത്താണ് 12 കോടി രൂപ ചെലവില്‍ കോഫി ഹൗസിന്റെ രാജമന്ദിരം ഒരുങ്ങുന്നത്. അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് കൂടാതെ ഗ്രൗണ്ട് ഫ്ളോറില്‍ 100 പേര്‍ക്ക് ഇരിക്കാവുന്ന വെജിറ്റേറിയന്‍ വിഭാഗവും 80 പേര്‍ക്ക് ഇരിക്കാവുന്ന നോണ്‍ വെജിറ്റേറിയന്‍ വിഭാഗവും ഉണ്ടായിരിക്കും. നോണ്‍ വെജിറ്റേറിയനില്‍ പകുതി സീറ്റുകള്‍ എസിയായിരിക്കും.
ഒന്നാം നിലയില്‍ 350 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാളും ഡൈനിംഗ്ഹാളും പ്രവര്‍ത്തിക്കും. രണ്ടാം നിലയില്‍ താമസത്തിനായി പതിനൊന്ന് എയര്‍കണ്ടീഷന്‍ഡ് സ്യൂട്ട് റൂമുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രൂപ ചെലവില്‍ ഏര്‍പ്പെടുത്തിയ ആധുനിക മാലിന്യ സംസ്ക്കരണ പ്ലാന്റ്, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, ആധുനിക അടുക്കള, ബയോഗ്യാസ് പ്ലാന്റ്, ലിഫ്റ്റ് എന്നിവയും പുതിയ കെട്ടിടത്തിലുണ്ട്.
ഇന്ത്യന്‍ കോഫി വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്. സെക്രട്ടറി ശശിധരന് എന്നിവരുടെനേതൃത്വത്തില്‍ കെട്ടിട സമുച്ചയത്തിന്റെ അവസാന മിനുക്കുപണികള്‍ നടന്നുവരികയാണ്. കെ.പി.രമേഷ്കുമാറിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കിയത്.