സിജി ഉലഹന്നാൻ
കണ്ണൂർ: 27 വർഷം ഗൾഫിലെ ഓയിൽ കന്പനിയിലായിരുന്നു പി.സി.നന്ദനൻ. 18 വർഷം മുന്പ് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ യാതൊരു മടിയും കൂടാതെ വയലിലേക്കിറങ്ങി.10സെന്റ് സ്ഥല ത്ത് പരീക്ഷണാടിസ്ഥാനത്തിൽ നെൽക്കൃഷി തുടങ്ങി. ഇപ്പോൾ എടച്ചൊവ്വയിലെ 20 ഏക്കറിൽനിന്ന് കൊയ്തെടുക്കുന്നത് 30 ടണ്ണിലധികം നെല്ല്. അഞ്ച് ഏക്കർ സ്വന്തം വയലിലും ബാക്കി പാട്ട ത്തിനെടുത്തുമാണ് കൃഷി.
വ്യാവസായിക അടിസ്ഥാനത്തിൽ നടപ്പാക്കിയാൽ നെൽക്കൃഷിയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും ലാഭകരമെന്ന് സ്വന്തം അനുഭവത്തിൽനിന്നു നന്ദനൻ പറയുന്നു. സർക്കാർ നെല്ല് സംഭരിക്കുകയും യന്ത്രവത്കരണം സാധ്യമാവുകയും ചെയ്തതുകൊണ്ടാണിത്. ശരാശരി ഒരു ഏക്കറിൽനിന്ന് ഒന്നര ടണ് നെല്ല് ലഭിക്കും.
കിലോഗ്രാമിന് 21.50 രൂപയ്ക്കാണ് കഴിഞ്ഞവർഷം സർക്കാർ സംഭരിച്ചത്. നെൽവിത്ത് കൃഷിഭവൻ മുഖേന സൗജന്യമായി നൽകും. കുമ്മായത്തിന് 75 ശതമാനവും രാസവളത്തിന് 50 ശതമാനവും സബ്സിഡിയുണ്ട്. ഒരേക്കറിൽനിന്ന് ഏഴായിരം രൂപയുടെ വൈക്കോൽ ലഭിക്കും. ഇത്തവണ കൂടുതൽ വില ലഭിക്കുമെന്നാണു പ്രതീക്ഷ.
നെല്ല് സപ്ലൈകോ നേരിട്ടെത്തി ഏറ്റെടുക്കുകയാണ്. കയറ്റുകൂലിയും സപ്ലൈകോ തന്നെയാണ് വഹിക്കുന്നത്. എന്നാൽ,നെല്ല് സംഭരിച്ചതിന്റെ പണം കിട്ടാൻ വൈകുന്നത് പ്രയാസം സൃഷ്ടിക്കുന്നതായി നന്ദനൻ പറയുന്നു. ഇത്തവണ 1.20 ഏക്കർ സ്ഥലത്ത് ജീരകശാല വിത്തും വിതച്ചിരുന്നു. യന്ത്രം ഉപയോഗിക്കാൻ കഴിയാത്തതിനാൽ തൊഴിലാളികളെ ഉപയോഗിച്ചാണ് കൊയ്തെടുത്തത്.
പണിക്കൂലി 7000 രൂപയായി. 950 കിലോ വിളവു ലഭിച്ചു. നെൽക്കൃഷിക്ക് പുറമെ പച്ചക്കറി കൃഷിയും താഴെചൊവ്വയിൽ ഷൽന എന്ന സർക്കാർ അംഗീകൃത നഴ്സറിയും നന്ദനൻ നടത്തുന്നുണ്ട്. ദിവസവും 18 മണിക്കൂർ നഴ്സറിയിലും കൃഷിയിടത്തിലുമായി ചെലവഴിക്കും. കൃഷി ഉദ്യോഗസ്ഥരുടെ പ്രോത്സാഹനമാണ് കൃഷിയിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിക്കു ന്നതെന്ന് നന്ദനൻ പറഞ്ഞു.
വിദ്യാർഥികൾക്ക് ഗ്രാഫ്റ്റിംഗിലും പച്ചക്കറി കൃഷിയിലും സൗജന്യ പരിശീലനം നൽകാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു. പുഴാതി നോർത്ത് യുപി സ്കൂൾ അധ്യാപിക ശാലിനിയാണ് ഭാര്യ. ഷൽന, നിഷിത്ത് എന്നിവർ മക്കളാണ്.
– See more at: