മോഹന്‍ലാലിനെ അപേക്ഷിച്ച് മമ്മൂട്ടിയ്ക്ക് കടുത്ത ജാഡയാണെന്ന അഭിപ്രായക്കാരണധികവും. സിനിമയുമായി അടുപ്പമുള്ളവര്‍ തന്നെ ഇത് പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍ മമ്മൂട്ടിയെ അടുത്തറിയാവുന്നവര്‍ അത് നിരസിക്കുകയും തിരുത്തലുമായി രംഗത്തു വരുകയുമാണ് പതിവ്. ഇപ്പോഴിതാ മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമായ മണിയന്‍പിള്ള രാജു മമ്മൂട്ടിയുടെ സ്വഭാവത്തിലെ പ്രത്യേകതകള്‍ വ്യക്തമാക്കികൊണ്ട് രംഗത്തെത്തിയിരിക്കുന്നു. വളരെ രസകരമായി ഒരുപമയിലൂടെയാണ് മണിയന്‍പിള്ള രാജു മമ്മൂട്ടിയുടെ സ്വഭാവത്തെ വിശദീകരിച്ചിരിക്കുന്നത്. തന്നെ ഉപദ്രവിക്കാനും ശല്യപ്പെടുത്താനും എത്തുന്നവരില്‍ നിന്ന് രക്ഷപെടാനായി മുള്ളന്‍പന്നി അതിന്റെ മുള്ള് വിരിച്ച് കാണിക്കുന്നതുപോലെയാണ് മമ്മൂട്ടി എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.
‘മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള’ എന്ന സിനിമ റിലീസ് കഴിഞ്ഞ സമയം. ഞാന്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗിനായി മദ്രാസിലേക്ക് പോകുകയാണ്. തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ അവിടെ ശ്രീകുമാരന്‍ തമ്പിയുടെ മുന്നേറ്റം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. ഞാന്‍ പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുമ്പോള്‍ ഒരാള്‍ ഓടി വന്ന് എന്നെ പരിചയപ്പെട്ടു. ഞാന്‍ മമ്മൂട്ടി. ആ സമയത്ത് രണ്ടോ മൂന്നോ സിനിമകളിലൊക്കെ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടായിരുന്നതുകൊണ്ട് ഞാനും മമ്മൂട്ടി എന്ന നടനെക്കുറിച്ച് അറിഞ്ഞിരുന്നു. ഞങ്ങളങ്ങനെ പരിചയപ്പെട്ടു. ഞങ്ങള്‍ ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം പത്മരാജന് സാറിന്റെ കൂടെയെവിടെയാണ്. മമ്മൂട്ടിക്ക് വലിയ ഗര്വ്വാണ്, അഹങ്കാരിയാണ്, ജാഡയാണ് എന്നെല്ലാം ആയിടയ്ക്ക് പലരും പറയുമായിരുന്നു. എന്നാല്‍ ഈ പറയുന്നതൊന്നും മമ്മൂട്ടിയിലില്ല എന്ന യാഥാര്‍ത്ഥ്യം കൂടെവിടെയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി. മുള്ളന്‍പന്നി രക്ഷപ്പെടാന്‍വേണ്ടി മറ്റുള്ളവരുടെ മുമ്പില്‍ മുള്ളുവിരിച്ച് കാണിക്കുന്നതുപോലെയാണ് മമ്മൂട്ടിയെന്ന് എനിക്ക് അക്കാലത്തു തന്നെ മനസിലായിട്ടുണ്ട്. മണിയന്‍പിള്ള രാജു വ്യക്തമാക്കുന്നു.